
വാഷിംഗ്ടൺ: യുക്രെയ്ന് മിലിട്ടറി ഗ്രേഡ് സ്റ്റാർലിങ്ക് സേവനമായ ‘സ്റ്റാർഷീൽഡ്’ ഇന്‍റർനെറ്റ് സേവനം ഇലോൺ മസ്ക് പൂർണ്ണമായി പുനഃസ്ഥാപിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അത് ഉക്രെയ്ന്റെ യുദ്ധമുഖത്തെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും യുക്രേനിയൻ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വ്യക്തമാക്കി.
യുക്രെയ്നിന്റെ സ്റ്റാർഷീൽഡ് ആക്സസ് പൂർണ്ണമായി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ ഇലോൺ മസ്കുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ഈ വിഷയവുമായി അടുത്ത വൃത്തങ്ങൾ സി.എൻ.എൻ ചാനലിനോട് പറഞ്ഞു. ഉക്രേനിയൻ ഉദ്യോഗസ്ഥർ സേവന തടസ്സങ്ങളെക്കുറിച്ച് പരാതിപ്പെട്ടതിനെ തുടർന്നാണ് ട്രംപ് മസ്കുമായി ബന്ധപ്പെട്ടത്. എന്നാൽ ഫോൺ വിളിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ഞാനാണോ അതോ മറ്റാരെങ്കിലുമാണോ വിളിച്ചത് എന്നത് പ്രസക്തമല്ല, ആകെ കാര്യം അദ്ദേഹം അത് തിരികെ നൽകി എന്നതാണ്” എന്നായിരുന്നു വൈറ്റ് ഹൗസിൽ വെച്ച് ട്രംപിന്റെ പ്രതികരണം.
എന്നാൽ ട്രംപിന്റെ അവകാശവാദത്തിന് വിരുദ്ധമായി സ്റ്റാർലിങ്കിലെ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മണിക്കൂറിൽ 100 മൈലിലധികം (161 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കുന്ന ഏത് മിസൈൽ പോലുള്ള ആയുധങ്ങളുടെയും പ്രവർത്തനത്തെ കഴിഞ്ഞ ഒരു ആഴ്ചയിലധികമായി ഈ നിയന്ത്രണങ്ങൾ തടസ്സപ്പെടുത്തുന്നുണ്ടെന്ന് യുക്രേനിയൻ അധികൃതർ പറഞ്ഞു. റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇന്റർസെപ്റ്റർ ഡ്രോണുകളുടെ പ്രവർത്തനത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
“നിലവിൽ സ്റ്റാർലിങ്കിലെ നിയന്ത്രണങ്ങൾ നീക്കം ചെയ്തതായി ഞങ്ങൾ കാണുന്നില്ല” എന്ന് യുക്രേനിയൻ പ്രസിഡന്‍റ് വ്‌ളോഡിമിർ സെലെൻസ്‌കിയുടെ ഉപദേഷ്ടാവ് സെർഹി ബെസ്ക്രെസ്റ്റ്നോവ് വ്യക്തമാക്കി. സ്പേസ് എക്സിന്റെ അൽഗോരിതം അല്ലെങ്കിൽ പ്രത്യേക ഉപയോഗ സാഹചര്യങ്ങൾ കാരണം ചിലപ്പോൾ വേഗത ചെറുതായി കൂടിയേക്കാം എന്നതല്ലാതെ, നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഗ്നൽ നഷ്ടപ്പെടുന്ന പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണെന്നും, ആശയവിനിമയത്തിലെ തടസ്സങ്ങൾ സൈനിക ഏകോപനത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും ഉക്രേനിയൻ സായുധ സേനാ ഉദ്യോഗസ്ഥരും പ്രതികരിച്ചു.















