
വാഷിംഗ്ടൺ: അമേരിക്കൻ സൈനിക ഓപ്പറേഷനുകളിലും തന്ത്രപ്രധാന നീക്കങ്ങളിലും പങ്കാളികളാകുന്ന പ്രതിരോധ വകുപ്പ് ജീവനക്കാരും സൈനികരും ഓൺലൈൻ ബെറ്റിംഗ് പ്ലാറ്റ്ഫോമുകൾ വഴി പണം പന്തയം വെക്കുന്നത് യു.എസ് പെന്റഗൺ കർശനമായി വിലക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഒക്ടോബർ 20-ന് ഉന്നത പെന്റഗൺ അധികൃതർക്കും കമാൻഡർമാർക്കും അയച്ച ഔദ്യോഗിക മെമ്മോറാണ്ടത്തിലാണ് ഈ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പോളിമാർക്കറ്റ്, കാൽഷി തുടങ്ങിയ പ്രെഡിക്ഷൻ മാർക്കറ്റുകളെ പേരെടുത്ത് പരാമർശിച്ചാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രഹസ്യ സ്വഭാവമുള്ളതോ അല്ലാത്തതോ ആയ സൈനിക വിവരങ്ങൾ ഉപയോഗിച്ച് ഇത്തരം പ്ലാറ്റ്ഫോമുകളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് വിദേശ ശത്രുക്കൾക്ക് യു.എസ് സൈന്യത്തിന്റെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ അവസരമൊരുക്കുമെന്നും ഇത് അമേരിക്കൻ സൈനികരുടെ ജീവന് വരെ ഭീഷണിയാണെന്നും ഹെഗ്സെത്ത് ചൂണ്ടിക്കാട്ടി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഫെഡറൽ നിയമപ്രകാരവും മിലിട്ടറി നീതിന്യായ വ്യവസ്ഥ പ്രകാരവും കടുത്ത അച്ചടക്ക നടപടികളും ക്രിമിനൽ കേസുകളും നേരിടേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.
വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള യുഎസ് പ്രത്യേക സൈനിക ദൗത്യത്തിൽ പങ്കാളിയായ ആർമി മാസ്റ്റർ സർജന്റ് ഗാനൻ കെൻ വാൻ ഡൈക്ക്, സംഭവം പുറത്തറിയുന്നതിന് തൊട്ടുമുമ്പ് പോളിമാർക്കറ്റിൽ 33,000 ഡോളറിലധികം ബെറ്റ് വെച്ച് 4,09,000 ഡോളർ ലാഭമുണ്ടാക്കിയ കേസിൽ അറസ്റ്റിലായിരുന്നു. ഇതിനെ തുടർന്ന് ഉയർന്ന കടുത്ത വിമർശനങ്ങളുടെയും സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് പെന്റഗൺ ഈ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.













