അമേരിക്കയിൽ നിന്ന് അകന്ന് കാനഡക്കാർ; തെരുവുപേരുകൾ മുതൽ വിതരണ ശൃംഖലകൾ വരെ ബന്ധം വിച്ഛേദിക്കുന്നു

ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര തർക്കം രൂക്ഷമാകുന്നതിനിടെ അമേരിക്കയിൽ നിന്ന് കൂടുതൽ അകന്ന് കാനഡക്കാർ. തെരുവുപേരുകൾ മാറ്റുന്നതു മുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുന്നതും യാത്രകൾ ഒഴിവാക്കുന്നതും വരെ നടപടികൾ ശക്തമാകുകയാണ്. ഒട്ടാവയിലെ ട്രംപ് അവന്യൂവിന്റെ പേര് മാറ്റാൻ നഗരസഭ നടപടി ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിലുള്ള തെരുവിന് പകരം പുതിയ പേര് നൽകാനാണ് തീരുമാനം. കാനഡയുമായി സഹകരിക്കുകയും രാജ്യത്തിന് സംഭാവന നൽകുകയും ചെയ്ത വ്യക്തികളുടെ പേരുകളാണ് തലസ്ഥാനത്തെ തെരുവുകൾക്ക് സാധാരണയായി നൽകുന്നതെന്നും ട്രംപ് ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സിറ്റി കൗൺസിലർ റൈലി ബ്രോക്കിങ്ടൺ പറഞ്ഞു.

കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പുതിയ തീരുവ ഏർപ്പെടുത്തിയതും ഒന്റാറിയോ തടാകത്തിന്റെ പേര് “ലേക്ക് അമേരിക്ക” എന്നാക്കി മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതും കാനഡയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2025ൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ ചില കാനഡക്കാർ അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുകയും അമേരിക്കയിലേക്കുള്ള യാത്രകൾ ഒഴിവാക്കുകയും ചെയ്തിരുന്നു. പുതിയ വ്യാപാര ഭീഷണികൾ ഇതിന് കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന അബാക്കസ് ഡാറ്റാ സർവേയിൽ 70 ശതമാനത്തിലധികം കാനഡക്കാർ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവച്ച പ്രധാനമന്ത്രി മാർക്ക് കാർണിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി കണ്ടെത്തി.

അതേസമയം, അമേരിക്കൻ വിതരണക്കാരെ ഒഴിവാക്കാനും കനേഡിയൻ കമ്പനികൾ നീക്കം തുടങ്ങി. കുടുംബ ഉടമസ്ഥതയിലുള്ള ചാപ്മൻസ് ഐസ്‌ക്രീം അമേരിക്കൻ ചേരുവകളുടെ ഉപയോഗം 2027ഓടെ 70 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനകം ഒമ്പത് അമേരിക്കൻ വിതരണക്കാരുമായുള്ള ബന്ധം കമ്പനി അവസാനിപ്പിച്ചു. ബദാം, ചെറി തുടങ്ങിയ ചേരുവകൾ ഓസ്‌ട്രേലിയ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വാങ്ങാനും തുടങ്ങി. വ്യാപാരയുദ്ധം തുടരുന്ന സാഹചര്യത്തിലും ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

അമേരിക്കയിലേക്കുള്ള യാത്രകളിലും കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള സന്ദർശനങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 10.6 ശതമാനം കുറഞ്ഞു. അമേരിക്കയിലേക്കുള്ള യാത്രയ്ക്കായുള്ള ചെലവ് 13.6 ശതമാനം കുറഞ്ഞ് 5 ബില്യൺ കനേഡിയൻ ഡോളറിലെത്തി. അമേരിക്കയിലേക്കുള്ള ബുക്കിങ്ങുകൾ ഇപ്പോൾ ലഭിക്കുന്നില്ല. കാനഡയിൽ തന്നെ പണം ചെലവഴിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ യൂറോപ്പിലേക്ക് യാത്ര ചെയ്യാനാണ് താൽപര്യമെന്ന് എഡ്മണ്ടൻ ആസ്ഥാനമായുള്ള ട്രാവൽ ഏജന്റ് മേഗൻ വുഡ്‌വാർഡ് പറഞ്ഞു.

അമേരിക്കൻ ഭരണകൂടത്തിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ചില കനേഡിയൻ-അമേരിക്കൻ ഇരട്ട പൗരന്മാരും കാനഡയിലേക്ക് മടങ്ങുകയാണ്. സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ അമേരിക്കയിൽ നിന്ന് കൂടുതൽ സ്വതന്ത്രമാകാനുള്ള കാനഡയുടെ ശ്രമങ്ങൾക്കാണ് ഇതോടെ കൂടുതൽ പിന്തുണ ലഭിക്കുന്നത്.

From street names to supply chains, Canadians pull away from US as rift grows

More Stories from this section

family-dental
witywide