നവംബറിനാണ് മുൻഗണന: ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാൻ യുദ്ധം നിയന്ത്രിച്ചു നിർത്താൻ ട്രംപ് ഭരണകൂടത്തിൻ്റെ നീക്കം

വാഷിങ്ടൺ: നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനുമായുള്ള യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ജനപിന്തുണ കുറഞ്ഞുവരുന്ന യുദ്ധം തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാനിടയുള്ള രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കുകയാണ് ലക്ഷ്യം. ചർച്ചകളെക്കുറിച്ച് അറിവുള്ള നാല് പേരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നവംബർ മൂന്നിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ സൈനിക നടപടി ശക്തമാക്കുന്നതും വൈറ്റ് ഹൗസ് പരിഗണിക്കുന്നുണ്ട്. എന്നാൽ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് വീണ്ടും നീങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കാനാണ് യുഎസ് ഭരണകൂടത്തിന്റെ നീക്കം. ഭാവിയിലെ ചർച്ചകളിൽ ഇറാനിൽനിന്ന് വിട്ടുവീഴ്ചകൾ നേടിയെടുക്കുകയാണ് ലക്ഷ്യം. മാസങ്ങളായി നടത്തിയ സൈനിക നടപടികളിലൂടെ നേടാൻ കഴിയാത്ത കാര്യങ്ങൾ സാമ്പത്തിക സമ്മർദത്തിലൂടെ നേടിയെടുക്കാമെന്നാണ് യുഎസ് കണക്കുകൂട്ടൽ.

ഇറാനുമേലുള്ള സമ്മർദം ഞങ്ങൾ തുടരുകയാണ്. എന്നാൽ നവംബർ തിരഞ്ഞെടുപ്പാണ് മുൻഗണനയിലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഘർഷം വലിയ തോതിൽ നിയന്ത്രിച്ചുനിർത്താനായാൽ യുദ്ധം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. സെനറ്റിലും ജനപ്രതിനിധിസഭയിലും നേരിയ ഭൂരിപക്ഷം നിലനിർത്താനുള്ള ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമങ്ങൾക്കും ഇത് സഹായകമാകും.

ഓഗസ്റ്റ് അവസാനം റോയിട്ടേഴ്സ്/ഇപ്സോസ് നടത്തിയ സർവേയിൽ 31 ശതമാനം അമേരിക്കക്കാർ മാത്രമാണ് യുദ്ധത്തെ അനുകൂലിച്ചത്. 63 ശതമാനം പേർ യുദ്ധത്തെ എതിർത്തു. ഉയർന്ന പെട്രോൾ വിലയിലും വോട്ടർമാർ കടുത്ത അതൃപ്തിയിലാണ്.

യുഎസ്-ഇറാൻ ആക്രമണങ്ങൾ വീണ്ടും ശക്തമാകുന്നു

സംഘർഷം നിയന്ത്രിച്ചുനിർത്താനുള്ള ശ്രമങ്ങൾക്കിടെ യുഎസും ഇറാനും വീണ്ടും പരസ്പരം ആക്രമണം ശക്തമാക്കിയതോടെ വൈറ്റ് ഹൗസിന് സമ്മർദമേറി. വാരാന്ത്യത്തിൽ ഇറാനിലെ ലാറക് ദ്വീപിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചു. ഒരു മാസത്തോളം നീണ്ട ശാന്തതയ്ക്കുശേഷമായിരുന്നു ആക്രമണം. ഇതിന് പിന്നാലെ ഇറാൻ ജോർദാനിലേക്കും യുഎഇയിലേക്കും മിസൈലുകൾ തൊടുത്തുവിട്ടു.

ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ കൂടുതൽ കേന്ദ്രങ്ങളിലും യുഎസ് സൈന്യം ആക്രമണം നടത്തി. ജൂലൈയ്ക്കുശേഷം ടെഹ്‌റാനും വാഷിങ്ടണും തമ്മിലുണ്ടായ ഏറ്റവും വലിയ ആക്രമണ കൈമാറ്റമായിരുന്നു ഇത്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, സമുദ്ര സംവിധാനങ്ങൾ, മൈനുകൾ സ്ഥാപിക്കാനുള്ള ശേഷി, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ബഹ്‌റൈൻ, ജോർദാൻ, കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു. മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങളിൽനിന്ന് അമേരിക്കൻ സൈന്യത്തെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും ഇറാൻ വ്യക്തമാക്കി.

അമേരിക്കൻ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “ഇറാൻ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ രീതിയിൽ വീണ്ടും ആക്രമിക്കും. എന്നാൽ അതായിരിക്കില്ല ഏറ്റവും വലിയ ആക്രമണം; അതിനുള്ള നടപടികൾ തയ്യാറായിക്കഴിഞ്ഞു,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു

‘തിരഞ്ഞെടുപ്പ് ഇറാൻ നയത്തെ സ്വാധീനിക്കുന്നില്ല’ — ട്രംപ്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഇറാനെതിരായ തന്റെ തന്ത്രത്തെ സ്വാധീനിക്കുന്നില്ലെന്ന് ട്രംപ് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയവും സൈനികവുമായ സാഹചര്യങ്ങൾ വൈറ്റ് ഹൗസിന്റെ നീക്കങ്ങളെ കൂടുതൽ നിയന്ത്രിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

“സമയക്രമം മാറിയിട്ടുണ്ട്,” ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “കലണ്ടറാണ് ഇറാനെ സംബന്ധിച്ച കാര്യങ്ങൾ നിയന്ത്രിക്കുന്നത്,” മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുദ്ധത്തിൽ തന്ത്രപരമായ ഇടവേള വരുത്തുന്നത് വലിയ തോതിൽ കുറഞ്ഞുപോയ ആയുധശേഖരം പുനഃസജ്ജമാക്കാൻ യുഎസ് സൈന്യത്തിന് സമയം നൽകുമെന്നും റിപ്പോർട്ടുണ്ട്.

ഓഗസ്റ്റിൽ ചില കൃത്യനിർദ്ദേശിത മിസൈലുകളുടെ ശേഖരം “ഏതാണ്ട് മുഴുവനായും” ഉപയോഗിച്ചുതീർന്നിരുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. യുദ്ധം നീണ്ടുപോകുന്നത് സുസ്ഥിരമല്ലെന്നും മറ്റ് മേഖലകളിലെ യുഎസ് സൈനിക സജ്ജീകരണത്തെ ബാധിക്കുമെന്നും കരസേന, നാവികസേന, വ്യോമസേനാ മേധാവികൾ പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്തിന് നൽകിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയതായി വാഷിങ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തു. എന്നാൽ ദൗത്യം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ വിഭവങ്ങളും സൈന്യത്തിനുണ്ടെന്ന് പെന്റഗൺ വ്യക്തമാക്കി.

സംഘർഷം ആരംഭിച്ചതിനുശേഷം ട്രംപിന്റെ അംഗീകാര നിരക്ക് 40 ശതമാനത്തിൽ നിന്ന് 33 ശതമാനമായി കുറഞ്ഞതായി റോയിട്ടേഴ്സ്/ഇപ്സോസ് സർവേ പറയുന്നു. നിലവിൽ യുദ്ധം കൂടുതൽ രൂക്ഷമാക്കുന്നതിൽ ട്രംപിന് താൽപര്യമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാട് മാറിയേക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഉൾപ്പെടെയുള്ള മുതിർന്ന ട്രംപ് ഉപദേഷ്ടാക്കൾ നവംബർ വരെ സംഘർഷം താരതമ്യേന “ശാന്തമായി” നിലനിർത്തണമെന്ന നിലപാടിലാണെന്ന് രണ്ട് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ നീക്കം

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും യുഎസ് ശക്തമാക്കിയിട്ടുണ്ട്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഉപരോധവും തുടരുകയാണ്.

എന്നാൽ ഈ തന്ത്രത്തിന് പരിമിതികളുണ്ടെന്ന് വിദഗ്ധരും ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടുകളായി യുഎസിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ഉപരോധം നേരിടുന്ന ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ നേതൃത്വത്തെ നയത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ഉപരോധങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

സാമ്പത്തിക സമ്മർദം ഇറാനെ സൈനികമായി തിരിച്ചടിക്കാൻ പ്രേരിപ്പിച്ചേക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ഇത് സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യത വർധിപ്പിക്കും. ചൈന ഉൾപ്പെടെയുള്ള ചില വൻശക്തികൾ ഇറാനെ ഒറ്റപ്പെടുത്താനുള്ള യുഎസ് നീക്കത്തിൽ പങ്കുചേർന്നിട്ടില്ല. ഇതോടെ അമേരിക്കയുടെ സാമ്പത്തിക സമ്മർദനീക്കം എത്രത്തോളം ഫലപ്രദമാകുമെന്നതിലും സംശയമുണ്ട്.

അതേസമയം, യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഇറാനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്ന ചില ഗൾഫ് രാജ്യങ്ങൾ പോലും ജൂലൈ അവസാനത്തിലെ ആക്രമണങ്ങൾക്ക് ശേഷം സംഘർഷം കുറയ്ക്കണമെന്ന് വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടതായി പ്രാദേശിക നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു.

More Stories from this section

family-dental
witywide