വിവാഹച്ചടങ്ങിലെ യുഎസ് മിസൈലാക്രമണം; യുദ്ധക്കുറ്റമെന്ന് പരാതി, അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ച് ഇറാൻ റെഡ് ക്രസന്റ്

ടെഹ്റാൻ: ഹോർമോസ്ഗാനിലെ കുഹെസ്തക് ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിന് നേരെ അമേരിക്ക നടത്തിയ മിസൈലാക്രമണത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ റെഡ് ക്രസന്റ് സൊസൈറ്റി (ഐആർസിഎസ്) അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് (ഐസിസി) കത്തയച്ചു. നാല് പേരുടെ മരണത്തിനും 67 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഈ ആക്രമണം യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.

കുടുംബാംഗങ്ങൾ പങ്കെടുത്ത വിവാഹച്ചടങ്ങ് നടന്നിരുന്ന സ്ഥലത്തിന്റെ സിവിലിയൻ സ്വഭാവവും അവിടെ സാധാരണക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതും കണക്കിലെടുക്കുമ്പോൾ, ഈ സംഭവം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത് സംബന്ധിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ഐആർസിഎസ് ആവശ്യപ്പെട്ടു.

സൈനിക നേട്ടങ്ങളേക്കാൾ വലിയ തോതിൽ സാധാരണക്കാരുടെ ജീവഹാനിക്കോ പരിക്കുകൾക്കോ ഇടയാക്കുമെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് നടത്തുന്ന ആക്രമണങ്ങൾ, റോം സ്റ്റാറ്റ്യൂട്ടിന്റെ വ്യവസ്ഥകൾ പ്രകാരം അന്താരാഷ്ട്ര ക്രിമിനൽ നിയമത്തിൻ കീഴിൽ കുറ്റകരമാണെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ വ്യക്തിഗത ക്രിമിനൽ ഉത്തരവാദിത്തം ചുമത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

More Stories from this section

family-dental
witywide