വാഷിങ്ടൺ: ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കും കമ്പനികൾക്കും കടുത്ത മുന്നറിയിപ്പുമായി യുഎസ്. ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി വിമാനക്കമ്പനികൾ, സമുദ്രഗതാഗത മേഖല, ഡിജിറ്റൽ ആസ്തികൾ എന്നിവയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. ഇറാനെ പിന്തുണയ്ക്കുന്ന എല്ലാവരുമായും ഞങ്ങൾ വിശദമായ ചർച്ചകൾ നടത്തുകയാണ്. തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വ്യവസ്ഥാപിതമായി നടപടിയെടുക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബെസന്റ് പറഞ്ഞു.
കൂടുതൽ ഉപരോധങ്ങൾക്ക് സാധ്യതയുള്ള മേഖലകളായി വിമാനക്കമ്പനികൾ, സമുദ്രഗതാഗതം, ഡിജിറ്റൽ ആസ്തികൾ എന്നിവയെയാണ് ബെസന്റ് ചൂണ്ടിക്കാട്ടിയത്. ഇതോടെ ബാങ്കിങ്, എണ്ണ മേഖലകൾക്ക് പുറമെ മറ്റ് മേഖലകളിലേക്കും യുഎസിന്റെ സാമ്പത്തിക സമ്മർദം വ്യാപിച്ചേക്കും. ഈ ഭരണകൂടത്തെ ആരും പിന്തുണയ്ക്കരുത്. എല്ലാവരോടുമുള്ള എന്റെ സന്ദേശം — ഇറാനിൽനിന്ന് അകന്നുനിൽക്കുക എന്നതാണെന്നും ബെസന്റ് പറഞ്ഞു.
ഇറാന്റെ ശേഷിക്കുന്ന വ്യാപാര, സാമ്പത്തിക പങ്കാളികൾക്ക് മേൽ സമ്മർദം ശക്തമാക്കുകയാണ് ട്രംപ് ഭരണകൂടം. ഇറാനുമായി വ്യാപാരം തുടരണമോ അതോ യുഎസ് സാമ്പത്തിക സംവിധാനത്തിലേക്കുള്ള പ്രവേശനം നിലനിർത്തണമോ എന്നതിൽ ഒന്നുതെരഞ്ഞെടുക്കേണ്ട സാഹചര്യം രാജ്യങ്ങൾക്കും കമ്പനികൾക്കും സൃഷ്ടിക്കുകയാണ് ലക്ഷ്യം.
അതേസമയം, ഒരുമാസത്തോളം നീണ്ട ഇടവേളയ്ക്കുശേഷമാണ് യുഎസ്-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായത്. ബുധനാഴ്ച പുലർച്ചെ ഗൾഫ് മേഖലയിലെ യുഎസ് സഖ്യരാജ്യങ്ങൾക്കുനേരെ ഇറാൻ ആക്രമണം നടത്തി. ഇതിന് മുന്നോടിയായി രാത്രിയിൽ യുഎസ് നടത്തിയ ശക്തമായ ബോംബാക്രമണത്തിൽ ഒരു വിവാഹച്ചടങ്ങ് നടന്ന സ്ഥലവും തകർന്നതായി ഇറാൻ അധികൃതർ ആരോപിച്ചു. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടതായും അവർ പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ ഒരു ദ്വീപിൽ ഇറാന്റെ റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങൾക്കെതിരെ യുഎസ് സൈന്യം ആക്രമണം നടത്തിയതോടെയാണ് സംഘർഷം കൂടുതൽ രൂക്ഷമായത്. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ ഈ സംവിധാനങ്ങൾ ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് യുഎസ് സൈന്യത്തിന്റെ ആരോപണം.ഇതിന് മറുപടിയായി ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി. എന്നാൽ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായി റിപ്പോർട്ടുണ്ട്.
കുവൈത്തിനുനേരെയും ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഇറാനിൽനിന്നുള്ള ആക്രമണങ്ങൾ തടഞ്ഞതായി യുഎഇയും ബഹ്റൈനും അറിയിച്ചു. ഇറാഖിൽ എർബിലിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച 10 ഡ്രോണുകൾ തടഞ്ഞതായി കുർദിഷ് അധികൃതരും വ്യക്തമാക്കി.
US treasury secretary Scott Bessent has warned countries and businesses against supporting Iran, saying Washington is considering sanctions targeting airlines, maritime activity and digital assets as Washington expands its economic pressure campaign amid escalating hostilities.











