
ടെഹ്റാൻ: സംഘർഷം രൂക്ഷമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. റോയിട്ടേഴ്‌സ് പുറത്തുവിട്ട പ്രാരംഭ വിവരങ്ങൾ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച വെറും നാല് കപ്പലുകൾ മാത്രമാണ് ഈ തന്ത്രപ്രധാന ജലപാതയിലൂടെ കടന്നുപോയത്. മുൻ ദിവസങ്ങളിലെ ശരാശരി 13 കപ്പലുകൾ എന്ന കണക്കിൽ നിന്നാണ് ഗതാഗതം ഇത്രയധികം താഴേക്ക് പതിച്ചത്.
ഒരു വെരി ലാർജ് ക്രൂഡ് കാരിയർ, ഒരു പാനമാക്സ് ടാങ്കർ, ഒരു കാംസാർമാക്സ് കാരിയർ, ഒരു ഇന്റർമീഡിയറ്റ് ടാങ്കർ എന്നിവയാണ് ചൊവ്വാഴ്ച മേഖലയിലൂടെ സഞ്ചരിച്ചതെന്ന് കപ്പലുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന ‘കെപ്ലർ’ ഡാറ്റ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വെളിപ്പെടുത്തി. എന്നാൽ സുരക്ഷാ കാരണങ്ങളാൽ പല കപ്പലുകളും യാത്രയ്ക്കിടയിൽ ട്രാൻസ്പോണ്ടറുകൾ ഓഫാക്കി സഞ്ചരിക്കാറുള്ളതിനാൽ ഈ കണക്കുകളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.













