വഖഫ് ബോർഡ് പുനഃസംഘടന: യുഡിഎഫ് സർക്കാരിന്റേത് സംഘപരിവാർ അജണ്ടയെന്ന് സിപിഎം, ‘മതനിരപേക്ഷ സമൂഹത്തെ വഞ്ചിച്ചു’

തിരുവനന്തപുരം: ബി.ജെ.പിയുടെ വർഗ്ഗീയ അജണ്ടയ്ക്കനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു കൊള്ളാമെന്ന് ഹൈക്കോടതിയിൽ നിലപാടെടുത്ത യു.ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങളോടും മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ ഹർജിയിലാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് സർക്കാർ സമ്മതിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന ഓരോ നയപരമായ നിലപാടിലും സംഘപരിവാർ അജണ്ട തെളിഞ്ഞുനിൽക്കുകയാണെന്ന് പാർട്ടി ആരോപിച്ചു.

കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതിക്കെതിരെ മുൻ എൽ.ഡി.എഫ് സർക്കാർ നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അധികാരത്തിൽ വന്നപ്പോൾ ബി.ജെ.പി അനുകൂല നിലപാടിലേക്ക് യു.ഡി.എഫ് എത്തിയത് ഏത് ഡീലിലൂടെയാണെന്ന് വ്യക്തമാക്കണം. ബി.ജെ.പി നേതാവിന്റെ ഹർജിയെ സർക്കാർ സർവ്വാത്മനാ പിന്തുണയ്ക്കുകയാണെന്ന് അഡ്വക്കറ്റ് ജനറൽ ചീഫ് ജസ്റ്റിസിനെ അറിയിച്ചത് ഇതിന് തെളിവാണ്. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും ലീഗിനെ പിന്തുണയ്ക്കുന്ന സാമുദായിക സംഘടനകളും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് ജനങ്ങളോട് തുറന്നുപറയണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ സർവ്വകലാശാലകളിൽ ഗവർണർ നിർദ്ദേശിക്കുന്നവരെ നിയമിച്ചും, പി.എം. ശ്രീ പദ്ധതി നടപ്പിലാക്കിയും ബി.ജെ.പിക്ക് പൂർണ്ണമായി വഴങ്ങുകയാണ്. ദേവസ്വം കേസുകൾ കൈകാര്യം ചെയ്യാൻ ആർ.എസ്.എസ് അനുകൂലിയെ പ്ലീഡറാക്കിയതും ഇതിന്റെ ഭാഗമാണ്. ‘കേരളം ഭരിക്കുന്നത് ബി.ജെ.പിയാണോ’ എന്ന എ.ഐ.സി.സി നേതാവിന്റെ ചോദ്യം അന്വർത്ഥമാക്കുന്ന രീതിയിലാണ് സംസ്ഥാന സർക്കാരിന്റെ പോക്കെന്നും, വർഗ്ഗീയതയ്ക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുന്ന യു.ഡി.എഫ് സർക്കാർ ഈ നിലപാടിലൂടെ കൂടുതൽ തുറന്നുകാട്ടപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നു.

Wakf Board Reconstitution: CPIM Accuses UDF Government of Succumbing to BJP Agenda

More Stories from this section

family-dental
witywide