തകിടം മറിക്കുന്നത് ദരിദ്ര-വികസ്വര രാജ്യങ്ങളെ, നി‌ർ‌ണായക ഇടപെടലുമായി പാകിസ്ഥാൻ; ഇറാൻ-അമേരിക്ക അനുരഞ്ജനത്തിന് വീണ്ടും മധ്യസ്ഥ ശ്രമം

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളെയും വീണ്ടും ചർച്ചാ മേശയിലേക്ക് എത്തിക്കാനുള്ള ശക്തമായ ശ്രമങ്ങളുമായി പാകിസ്ഥാൻ രംഗത്ത്. മേഖലയിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിനുമായി തങ്ങൾ വിവിധ പ്രാദേശിക ശക്തികളുമായി സജീവമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

നിലവിലെ യുദ്ധസാഹചര്യത്തിൽ പ്രധാന മധ്യസ്ഥ രാജ്യങ്ങളിലൊന്നായ പാകിസ്ഥാൻ, മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭംഗം വരുത്തുന്ന യാതൊരുവിധ നടപടികളിലേക്കും കടക്കരുതെന്ന് ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു. തുടർച്ചയായ ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും അല്ലാതെ മറ്റൊരു ബദൽ മാർഗ്ഗവുമില്ലെന്ന് തങ്ങൾ ശക്തമായി വിശ്വസിക്കുന്നതായി പാകിസ്ഥാൻ വ്യക്തമാക്കി. ഇരുപക്ഷവും അക്രമത്തിന്റെ പാത വെടിഞ്ഞ് എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങാൻ പാകിസ്ഥാൻ നിരന്തരമായ സമ്മർദ്ദം ചെലുത്തുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

മേഖലയിലുണ്ടായ യുദ്ധത്തിന്റെ കടുത്ത ആഘാതം പ്രധാനമായും അനുഭവിക്കുന്നത് ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്ന വികസ്വര രാജ്യങ്ങളാണെന്നും പാകിസ്ഥാൻ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലെ കടുത്ത പ്രതിസന്ധിയെ നേരിടാൻ ആവശ്യമായ സാമ്പത്തിക അടിത്തറയോ ഇതര മാർഗ്ഗങ്ങളോ ഉള്ള വികസിത രാജ്യങ്ങളെ പോലെയല്ല മറ്റുള്ളവർ. വിദേശ ഇറക്കുമതികളെ മാത്രം ആശ്രയിച്ചു കഴിയുന്ന ദരിദ്ര-വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും വിതരണ ശൃംഖലകളെയും ഈ സംഘർഷം അതിവേഗത്തിലാണ് തകിടം മറിക്കുന്നത്. അതിനാൽ ആഗോള സമാധാനം മുൻനിർത്തി ഇരുരാജ്യങ്ങളും അടിയന്തരമായി യുദ്ധത്തിൽ നിന്ന് പിന്തിരിയണമെന്നാണ് പാകിസ്ഥാൻ ആവശ്യപ്പെടുന്നത്.

More Stories from this section

family-dental
witywide