ഇന്ത്യയുടെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പ്രശംസിച്ച് പുടിൻ; ഭൂരിഭാഗം ജനങ്ങളും പ്രാദേശിക ഭാഷകൾ സംസാരിക്കുന്നത് അമ്പരപ്പിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ്

മോസ്കോ: ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തിടെ നടത്തിയ സംഭാഷണം ഓർത്തെടുത്ത അദ്ദേഹം, ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും അവരവരുടെ പ്രാദേശിക ഭാഷകളാണ് സംസാരിക്കുന്നതെന്ന വസ്തുത തന്നെ അദ്ഭുതപ്പെടുത്തിയെന്ന് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നാണ് ഇന്ത്യയുടേതെന്നും അതിനെക്കുറിച്ച് കൂടുതൽ അറിയുന്തോറും ആകർഷണം കൂടുകയാണെന്നും പുട്ടിൻ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിൽ ഇന്ത്യയിൽ എത്ര പേർ ഔദ്യോഗിക ഭാഷ സംസാരിക്കുന്നുണ്ടെന്ന് താൻ അന്വേഷിച്ചതായി പുട്ടിൻ വെളിപ്പെടുത്തി. ഏകദേശം 60 കോടി പേർ എന്നായിരുന്നു മോദിയുടെ മറുപടി. രാജ്യത്തെ ആകെ ജനസംഖ്യയായ 150 കോടിയിൽ ബാക്കിയുള്ളവർ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോൾ, അവരവരുടെ സ്വന്തം പ്രാദേശിക ഭാഷകളാണ് സംസാരിക്കുന്നതെന്ന് മോദി മറുപടി നൽകിയതായും ഇത് ശരിക്കും അമ്പരപ്പിക്കുന്ന കാര്യമാണെന്നും പുട്ടിൻ കൂട്ടിച്ചേർത്തു. പുട്ടിന്റെ ഈ അഭിമുഖത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ മാസം വാൽദായ് ഡിസ്കഷൻ ക്ലബ്ബിൽ സംസാരിക്കുമ്പോഴും ഇന്ത്യയെ സവിശേഷവും വൈവിധ്യപൂർണവും ഐക്യമുള്ളതുമായ രാജ്യമെന്നാണ് പുട്ടിൻ വിശേഷിപ്പിച്ചത്. ഈ വർഷം രണ്ട് തവണയാണ് പ്രധാനമന്ത്രി മോദിയും പുട്ടിനും നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. ഓഗസ്റ്റിൽ ബിഷ്കെക്കിലും തുടർന്ന് സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയും ഇരുനേതാക്കളും ചർച്ചകൾ നടത്തിയിരുന്നു.

Russian President Vladimir Putin Praises India’s Cultural and Linguistic Diversity; Expresses Amazement Over Majority Speaking Regional Languages

More Stories from this section

family-dental
witywide