
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ ടെക് ഭീമന്മാരായ ഗൂഗിളിൻ്റെ മാതൃ കമ്പനി ആൽഫബെറ്റ്, അമേരിക്കയിലെ ഫ്ലോറിഡ, കാലിഫോർണിയ സംസ്ഥാനങ്ങളിലെ കൊതുകുശല്യവും അതുവഴി പടരുന്ന മാരക രോഗങ്ങളും തുടച്ചുനീക്കാൻ വിപ്ലവകരമായ ഒരു വൻ പദ്ധതിയുമായി രംഗത്ത്. ‘ഡിബഗ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റിലൂടെ രണ്ട് വർഷത്തിനുള്ളിൽ 3.2 കോടി (32 മില്യൺ) ലബോറട്ടറിയിൽ വളർത്തിയെടുത്ത പ്രത്യേക തരം കൊതുകുകളെയാണ് പ്രകൃതിയിലേക്ക് തുറന്നുവിടാൻ ഒരുങ്ങുന്നത്.
കൊതുകുജന്യ രോഗങ്ങളായ വെസ്റ്റ് നൈൽ വൈറസ്, സെൻ്റ് ലൂയിസ് എൻസെഫലൈറ്റിസ് എന്നിവയുടെ വ്യാപനം പൂർണ്ണമായും തടയുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആൽഫബെറ്റിൻ്റെ ലൈഫ് സയൻസസ് വിഭാഗമായ ‘വെരിലി’ വികസിപ്പിച്ചെടുത്ത ഈ നിർദ്ദേശം നിലവിൽ യുഎസ് എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
‘വൊൾബാക്കിയ’ എന്ന പ്രകൃതിദത്ത ബാക്ടീരിയ ശരീരത്തിലുള്ള ആൺകൊതുകുകളെയാണ് ഈ പദ്ധതിക്കായി പ്രത്യേകം വളർത്തിയെടുക്കുന്നത്. മനുഷ്യരെ കടിക്കുന്നത് പെൺകൊതുകുകൾ മാത്രമായതിനാൽ, കോടിക്കണക്കിന് ആൺകൊതുകുകളെ തുറന്നുവിടുന്നത് വഴി ജനങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടോ കൊതുകുകടിയോ ഏൽക്കേണ്ടി വരില്ല.
ഈ ബാക്ടീരിയ ബാധിച്ച ആൺകൊതുകുകൾ പ്രകൃതിയിലെ സാധാരണ പെൺകൊതുകുകളുമായി സമ്പർക്കം പുലർത്തുമ്പോൾ ഉണ്ടാകുന്ന മുട്ടകൾ വിരിയാൻ ശേഷിയില്ലാത്തവയായി മാറും. ഇതോടെ പ്രകൃതിയിലെ കൊതുകുകളുടെ എണ്ണം ക്രമേണ കുറയുകയും രോഗവ്യാപനം പൂർണ്ണമായി നിലയ്ക്കുകയും ചെയ്യും. രോഗം പരത്തുന്ന ‘ക്യൂലക്സ്’ ഇനം കൊതുകുകളെയാണ് ഈ പരീക്ഷണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
നേരത്തെ ഫ്ലോറിഡയിൽ നടത്തിയ ചെറിയ പരീക്ഷണങ്ങൾ വൻ വിജയമായിരുന്നെങ്കിലും, ഇത്രയും വലിയ തോതിൽ കൊതുകുകളെ ഉൽപ്പാദിപ്പിക്കുക എന്നത് കഠിനമായ ദൗത്യമാണ്. എന്നാൽ ഇതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയാണ് ഗൂഗിൾ ഉപയോഗിക്കുന്നത്. കൊതുകുകളിലെ ആണും പെണ്ണും വേർതിരിക്കാൻ എഐ ലിംഗനിർണ്ണയ സംവിധാനങ്ങളും, അവയെ വളർത്താൻ അത്യാധുനിക റോബോട്ടുകളും, കൃത്യമായി പല സ്ഥലങ്ങളിൽ എത്തിക്കാൻ വാഹനങ്ങളിൽ ഘടിപ്പിച്ച റിലീസ് പ്ലാറ്റ്‌ഫോമുകളും ഗൂഗിൾ സജ്ജമാക്കിയിട്ടുണ്ട്.
അനുമതി ലഭിക്കുന്നതോടെ ആദ്യ വർഷം രണ്ട് സംസ്ഥാനങ്ങളിലുമായി 1.6 കോടി കൊതുകുകളെയും, രണ്ടാം വർഷം ബാക്കി 1.6 കോടി കൊതുകുകളെയും ഘട്ടങ്ങളായി തുറന്നുവിടും. ഈ പദ്ധതി വിജയിച്ചാൽ ലോകമെമ്പാടുമുള്ള കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ ഇതൊരു വലിയ നാഴികക്കല്ലാകും.
Google is seeking federal approval to release 32 million specially treated mosquitoes across California and Florida over the next two years















