
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച ടിവികെ നേതാവ് വിജയിയുടെ ആവശ്യം അംഗീകരിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ നടൻ പ്രകാശ് രാജ്. ഗവർണറുടെ ഈ പെരുമാറ്റം അറപ്പുളവാക്കുന്നതാണെന്നും തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ എന്തുതന്നെയായാലും ജനവിധി മാനിക്കപ്പെടണം. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയിയെ അനുവദിക്കാത്തത് ഗവർണർ പദവിയുടെ ദുരുപയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് വിജയിൻ്റെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കോൺഗ്രസിൻ്റെ പിന്തുണയോടെ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തിയിട്ടും സർക്കാർ രൂപീകരണത്തിന് ഗവർണർ അനുമതി നൽകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ ഉയരുന്നത്.
ഗവർണർ പദവി തന്നെ നിർത്തലാക്കണമെന്ന സോഷ്യൽ മീഡിയയിലെ ചർച്ചകളെ പിന്തുണയ്ക്കുന്നതായും പ്രകാശ് രാജ് സൂചിപ്പിച്ചു. ഗവർണറുടെ നീക്കം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ അനിശ്ചിതത്വത്തിന് വഴിവെച്ചിരിക്കുകയാണ്. പ്രകാശ് രാജിനെപ്പോലുള്ള സാംസ്കാരിക പ്രവർത്തകരുടെ ഇടപെടൽ വിഷയത്തിന് ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്.
Governor’s stand of not allowing Vijay to form government is unconstitutional: Prakash Raj strongly criticizes













