
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്ക് വീണ്ടും കനത്ത പ്രഹരം. മുഖ്യമന്ത്രി സി. ജോസഫ് വിജയിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിന് അനുകൂലമായി വിശ്വാസ വോട്ടെടുപ്പിൽ വോട്ട് ചെയ്ത 21 വിമത എഐഎഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യം തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ തള്ളി.
മേയ് 13ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെ പിന്തുണച്ച സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനാണ് സ്പീക്കറുടെ തീരുമാനം വൻ ആശ്വാസമായിരിക്കുന്നത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം പാർട്ടി വിപ്പ് ലംഘിക്കുന്ന അംഗങ്ങൾക്കെതിരെ അയോഗ്യതാ നടപടി സ്വീകരിക്കാമെങ്കിലും, പാർട്ടി നേതൃത്വം ഈ നടപടി ക്ഷമിക്കുകയോ അംഗീകരിക്കുകയോ ചെയ്താൽ അയോഗ്യത ഒഴിവാകും. നിയമപ്രകാരം മറ്റൊരു പാർട്ടിയിൽ ലയിക്കണമെങ്കിൽ നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. എഐഎഡിഎംകെയുടെ കാര്യത്തിൽ ഇതിന് 31 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. നിലവിൽ വിമതർക്ക് ആ സംഖ്യ തികയ്ക്കാനായിട്ടില്ല. എങ്കിലും ഇരുവിഭാഗവും പരസ്പരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുകയായിരുന്നു. ഇതിൽ വിജയിനെ പിന്തുണച്ച 21 പേർക്കെതിരെയുള്ള ഹർജിയാണ് സ്പീക്കർ ഇപ്പോൾ തള്ളിയത്. ഇതിനിടെ വിമതരിൽ 4 എംഎൽഎമാർ കഴിഞ്ഞ ദിവസങ്ങളിൽ ഔദ്യോഗികമായി ടിവികെയിൽ ചേർന്നിരുന്നു.
ഭൂരിപക്ഷം വിമതർക്കും സ്പീക്കറുടെ തീരുമാനത്തോടെ ആശ്വാസം ലഭിച്ചെങ്കിലും, ചട്ടലംഘനം നടത്തിയ മറ്റ് 4 എഐഎഡിഎംകെ എംഎൽഎമാരായ പെരുന്തുറൈ ജയകുമാർ, മരഗതം കുമാരവേൽ, ഇസക്കി സുബ്ബയ്യ, സത്യഭാമ എന്നിവർക്കെതിരെയുള്ള അയോഗ്യതാ ഹർജി സ്പീക്കറുടെ സജീവ പരിഗണനയിലാണ്. ഇവർക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി ഉടൻ തന്നെ അന്തിമ തീരുമാനമെടുക്കുമെന്ന് സ്പീക്കർ കാര്യാലയം അറിയിച്ചു.
മേയ് മാസത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയിന്റെ ടിവികെ മുന്നണി, മേയ് 13ന് നടന്ന വോട്ടെടുപ്പിൽ 144 വോട്ടുകൾ നേടിയാണ് തമിഴ്‌നാട്ടിൽ ഭൂരിപക്ഷം തെളിയിച്ചത്. പാർട്ടിയിലെ പിളർപ്പും എംഎൽഎമാരുടെ അയോഗ്യതാ നോട്ടീസ് തള്ളിയതും എടപ്പാടി പളനിസ്വാമിയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് വൻ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
Another setback for Edappadi; Speaker does not disqualify 21 rebel AIADMK MLAs who followed Vijayan















