
ചെന്നൈ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസത്തെ തന്റെ സുപ്രധാന വാഗ്ദാനം യാഥാർഥ്യമാക്കി തമിഴ്‌നാട്ടിൽ സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക ‘സിങ്കപ്പെൺ’ ദൗത്യസേന മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സേനയുടെ പ്രത്യേക ലോഗോ പ്രകാശനം ചെയ്ത മുഖ്യമന്ത്രി, സിങ്കപ്പെൺ സേനയ്ക്കായി പ്രത്യേകം തയാറാക്കിയ വാഹനങ്ങൾ സ്വയം ഓടിച്ചു നോക്കിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. സ്ത്രീകളുടെ സുരക്ഷ പൂർണ്ണമായി ഉറപ്പാക്കുന്നതിനായി ഈ പ്രത്യേക ദൗത്യസേനയിലേക്ക് ഉടൻ തന്നെ 2500 വനിതാ പോലീസുകാരെ പുതുതായി നിയമിക്കുമെന്നും വിജയ് ചടങ്ങിൽ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക എന്നതാണ് ഈ സേനയുടെ പ്രധാന ലക്ഷ്യം. മുൻപുണ്ടായിരുന്ന ഡി.എം.കെ. സർക്കാർ ലഹരിയൊഴുക്ക് തടയുന്നതിൽ ദയനീയമായി പരാജയപ്പെട്ടതാണ് തമിഴ്‌നാട്ടിൽ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായതെന്ന് ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി വിജയ് കടുത്ത ഭാഷയിൽ വിമർശിച്ചു. മുഖ്യമന്ത്രിയുടെ അമ്മ ശോഭ ചന്ദ്രശേഖർ, സംസ്ഥാന മന്ത്രിമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് തമിഴ്നാട്ടിലെ സ്ത്രീസുരക്ഷയിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സിങ്കപ്പെൺ ദൗത്യസേന ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്.
CM Joseph Vijay Launches ‘Singappen’ Special Task Force to Ensure Women’s Safety in Tamil Nadu















