
വാഷിംഗ്ടൺ: യു.എസിൽ മുൻ ഭരണകാലത്ത് അനുവദിച്ച പഴയ ഗ്രീൻ കാർഡ് അപേക്ഷകൾ ട്രംപ് ഭരണകൂടം വീണ്ടും പരിശോധിക്കാൻ ആരംഭിച്ചു. അർഹതയില്ലാത്തവർ സ്ഥിരതാമസാനുമതി സ്വന്തമാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഈ നീക്കം. ഇതിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ 50 ഗ്രീൻ കാർഡ് ഉടമകളെ നാടുകടത്താനായി തിരിച്ചറിഞ്ഞതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ നിലവിൽ 11 ദശലക്ഷത്തിലധികം ഇമിഗ്രേഷൻ അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ് ഈ പുനഃപരിശോധന. കേസ് പഠനത്തിനായി ‘ടാക്റ്റിക്കൽ ഓപ്പറേഷൻസ് ഡിവിഷൻ’ എന്ന പേരിൽ ഒരു പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ട്. ഡാനിയൽ ആൻഡ്രേഡിൻ്റെ നേതൃത്വത്തിൽ 40 ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ഇതിൽ പ്രവർത്തിക്കുന്നത്.
ആരെയൊക്കെയാണ് പരിശോധിക്കുന്നത്?
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും വ്യാജരേഖ ചമച്ചവരെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ലൈംഗിക അതിക്രമം, ഗാർഹിക പീഡനം, മയക്കുമരുന്ന് കടത്ത്, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർ, ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് വേണ്ടി അനധികൃതമായി സാങ്കേതിക വിവരങ്ങൾ ചോർത്തി നൽകിയ സംഘടനകളിൽ പ്രവർത്തിച്ചവർ, വ്യാജ വിവരങ്ങൾ നൽകി ഗ്രീൻ കാർഡ് ഒപ്പിച്ചെടുത്തവർ എന്നിവർക്ക് പിടിവീഴും.
എല്ലാവരും ഭയപ്പെടേണ്ടതുണ്ടോ?
എല്ലാ ഗ്രീൻ കാർഡ് ഉടമകളും ഈ നടപടിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് യു.എസ്.സി.ഐ.എസ് വക്താവ് സാക് കെയ്‌ലർ വ്യക്തമാക്കി. കുറ്റകൃത്യങ്ങളോ ക്രമക്കേടുകളോ നടത്താത്തവർക്ക് ഭയപ്പെടേണ്ട സാഹചര്യമില്ല. നിലവിൽ പരിശോധിച്ച 2,890 കേസുകളിൽ 80 ശതമാനവും നിയമവിധേയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഗ്രീൻ കാർഡ് ഉടമകളെ പെട്ടെന്ന് നാടുകടത്താൻ നിയമമില്ല. ഇവർക്ക് ഇമിഗ്രേഷൻ കോടതി ജഡ്ജിക്ക് മുന്നിൽ ഹാജരായി തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള നിയമപരമായ അവസരം ലഭിക്കും.
അതേസമയം, കടുത്ത പരിശോധനകൾക്ക് ശേഷമാണ് ഗ്രീൻ കാർഡുകൾ നൽകുന്നതെന്നും, ഇത്രയും വലിയൊരു കൂട്ടത്തിൽ നിന്ന് വളരെ കുറച്ചു പേരെ മാത്രം കണ്ടെത്തുന്ന ഇത്തരം പരിശോധനകൾ അനാവശ്യമാണെന്നുമാണ് ഇമിഗ്രേഷൻ രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തൽ.
എന്താണ് ഗ്രീൻ കാർഡ്
ഗ്രീൻ കാർഡ് എന്നത് അമേരിക്കയിൽ സ്ഥിരതാമസമാക്കാനും ജോലി ചെയ്യാനും ഒരു വിദേശിക്ക് ലഭിക്കുന്ന ഔദ്യോഗിക അനുമതിപത്രമാണ്. ഇതനുസരിച്ച് അമേരിക്കയിൽ എത്രകാലം വേണമെങ്കിലും നിയമപരമായി ജീവിക്കാം. ഗ്രീൻ കാർഡ് ലഭിച്ച് സാധാരണയായി 5 വർഷം പൂർത്തിയാകുമ്പോൾ യു.എസ് പൗരത്വത്തിന് അപേക്ഷിക്കാം. യു.എസിന് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ വരാനും പ്രത്യേക വിസ ആവശ്യമില്ല. സാധാരണയായി ഒരു ഗ്രീൻ കാർഡിൻ്റെ കാലാവധി 10 വർഷമാണ്. ഇത് കഴിഞ്ഞ് പുതുക്കാവുന്നതാണ്. പ്രധാനമായും മൂന്ന് വഴികളിലൂടെയാണ് ഇത് ലഭിക്കുക; 1. യു.എസ് കമ്പനികൾ വിദേശ ജീവനക്കാർക്ക് വേണ്ടി സ്പോൺസർ ചെയ്യുമ്പോൾ, 2. യു.എസ് പൗരന്മാരായുള്ള അടുത്ത ബന്ധുക്കൾ (ഭാര്യ/ഭർത്താവ്, മാതാപിതാക്കൾ, മക്കൾ) വഴി, 3. എല്ലാ വർഷവും യു.എസ് സർക്കാർ നടത്തുന്ന പ്രത്യേക ലോട്ടറി നറുക്കെടുപ്പിലൂടെ.
Green card review in the US; Trump administration to deport 50 people















