സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ‘കേരളം ബില്ലി’ന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കി കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചിരുന്നു. രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിച്ചതോടെ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നായി മാറും.
ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ ഔദ്യോഗിക രേഖകളിലും സൈൻബോർഡുകളിലും ഘട്ടംഘട്ടമായി പുതിയ പേര് നിലവിൽ വരും. മലയാളത്തിന് പുറമെ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും ഇനി മുതൽ ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്ന് തന്നെയാകും ഔദ്യോഗികമായി ഉപയോഗിക്കുക.
സംസ്ഥാന രൂപീകരണ സമയം മുതൽ മലയാളത്തിൽ ‘കേരളം’ എന്നാണെങ്കിലും ഭരണഘടനയിൽ ‘കേരള’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം കേന്ദ്ര സർക്കാർ ലോക്സഭയിലും രാജ്യസഭയിലും ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കിയത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലും നാലാം ഷെഡ്യൂളിലും രണ്ട് അനുച്ഛേദങ്ങളിലും കേരളം ഉൾപ്പെടുത്താനുള്ള ബില്ല് പാസായതോടെ സർക്കാർ സീലിനു പുറമെ നിരവധി സർക്കാർ സ്ഥാപനങളുടെ പേരുകളിലും മാറ്റം വേണ്ടി വരും.
Kerala to ‘Keralam’ President Droupadi Murmu Approves Bill to Rename State












