
ജാർഖണ്ഡിൽ റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഹേമന്ത് സോറൻ സർക്കാർ. ലഖ്‌നൗ കേന്ദ്രീകരിച്ചുള്ള ടി.ഡി.പി.എൽ (TDPL) എന്ന കമ്പനിയുടെ നേതൃത്വത്തിൽ നടന്ന മുഴുവൻ പരീക്ഷകളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), ജെ.എസ്.എസ്.സി – സി.ജി.എൽ (JSSC – CGL) പരീക്ഷകൾ ഉൾപ്പെടെ റദ്ദാക്കിയവയിൽപ്പെടും. കൂടാതെ, 2014 മുതലുള്ള എല്ലാ റിക്രൂട്ട്മെന്റ് ക്രമക്കേടുകളിലും സി.ഐ.ഡി അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ടി.ഡി.പി.എല്ലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും റദ്ദാക്കിയതായും, ഇതിനോടകം പ്രസിദ്ധീകരിച്ച ഫലങ്ങളും നടന്ന നിയമനങ്ങളും അസാധുവാക്കിയതായും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷാ നടത്തിപ്പിൽ വലിയ തോതിലുള്ള വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഭാവിയിലെ സുതാര്യതയ്ക്കായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശലിന്റെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കരണ സമിതി രൂപീകരിക്കുമെന്നും ഹേമന്ത് സോറൻ വ്യക്തമാക്കി.
സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സമരപ്പന്തലിൽ വിദ്യാർത്ഥികൾ ആഹ്ലാദം പ്രകടിപ്പിച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ദേവേന്ദ്ര മാഹ്തോ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന ഒരു വിഭാഗം സമരം തുടരുമെന്ന നിലപാടിലാണ്. എന്നിരുന്നാലും ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചതിൽ വിദ്യാർത്ഥികൾ സർക്കാരിന് നന്ദി അറിയിച്ചു.
Jharkhand Government Accepts Student Demands: Cancels All Recruitment Exams Conducted by TDPL












