ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ അസ്സാം അൽ ഹയ്യ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഗസയിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഹയ്യയുടെ നാലാമത്തെ മകനാണ് അസ്സാം അൽ ഹയ്യ. ഗസ്സയിൽ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അസം വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയതെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസിം നയീം സ്ഥിരീകരിച്ചു.
അതേസമയം, ഗസയിലെ വെടിനിർത്തൽ നീക്കങ്ങൾക്കായി ഹമാസ് നേതാക്കൾ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേൽനോട്ടത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ തയ്യാറാക്കിയ ഗസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ചർച്ച ചെയ്യുന്നതിനായി മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് കൊലപാതകം.
ഇസ്രയേലിന്റെ ഇത്തരം നടപടികൾ വെടിനിർത്തൽ കരാറിനെയും സമാധാന ശ്രമങ്ങളെയും തകർക്കാനാണെന്ന് ഖലീൽ അൽ ഹയ്യ അൽ ജസീറയോട് പ്രതികരിച്ചു. കരാറിന്റെ ആദ്യ ഘട്ടത്തിലെ നിബന്ധനകൾ പാലിക്കാൻ ഇസ്രായേൽ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഏഴ് മക്കളുള്ള ഖലീൽ അൽ ഹയ്യയുടെ രണ്ട് മക്കൾ ഇതിനുമുമ്പ് 2008ലും 2014ലും ഗസയിൽ നടന്ന സൈനിക നടപടികളിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ മറ്റൊരു മകനും കൊല്ലപ്പെട്ടു.
Hamas leader Khalil Hayya’s son killed in Israeli strike















