
ബെയ്റൂട്ട്: ഈ വർഷം ആദ്യത്തിൽ പ്രമുഖ ലെബനീസ് മാധ്യമപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെടാൻ ഇടയാക്കിയ ഇസ്രായേൽ ആക്രമണം സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും ഇത് യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വന്നേക്കാമെന്നും അന്താരാഷ്ട്ര-ലെബനീസ് അവകാശ സംരക്ഷണ സംഘടനകൾ വ്യാഴാഴ്ച വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിൽ ദക്ഷിണ ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ നടന്ന ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് അമൽ ഖലീൽ കൊല്ലപ്പെടുന്നത്. ഈ ആക്രമണത്തിൽ ഖലീലിന്റെ ക്യാമറാ വുമൺ സൈനബ് ഫറജിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ, ലെബനനിലെ ലീഗൽ അജണ്ട, യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് എന്നിവരുൾപ്പെടുന്ന മനുഷ്യാവകാശ സംഘടനകൾ ഏപ്രിൽ 22-ന് അൽ-തിരി നഗരത്തിലുണ്ടായ മൂന്ന് ഇസ്രായേൽ വ്യോമാക്രമണങ്ങളുടെ ചിത്രങ്ങളും വീഡിയോ തെളിവുകളും ദൃക്സാക്ഷി മൊഴികളും പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. അമൽ ഖലീലും സൈനബ് ഫറജും സാധാരണക്കാരാണെന്ന് ഇസ്രായേൽ സൈന്യത്തിന് അറിയാമായിരുന്നു അല്ലെങ്കിൽ അറിയേണ്ടതായിരുന്നുവെന്ന് അന്വേഷണത്തിന് ശേഷം ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, മാധ്യമപ്രവർത്തകരെ മനഃപൂർവം ലക്ഷ്യമിട്ടിട്ടില്ലെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുന്നു. പല ദൃക്സാക്ഷികളെയും ഉദ്ധരിച്ചുകൊണ്ട് തയ്യാറാക്കിയ സംയുക്ത റിപ്പോർട്ട് പ്രകാരം, പരിക്കേറ്റ മാധ്യമപ്രവർത്തകരെ രക്ഷപ്പെടുത്താൻ റെഡ് ക്രോസ് വൈദ്യസംഘം ശ്രമിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം സ്റ്റൺ ഗ്രനേഡ് എറിഞ്ഞതായി വ്യക്തമാക്കുന്നു. റെഡ് ക്രോസ് സംഘത്തെ ഇസ്രായേൽ സൈന്യം നിർബന്ധപൂർവ്വം പിന്തിരിപ്പിക്കുന്ന സമയത്ത് ഖലീൽ ജീവനോടെയിരിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് കൂട്ടിച്ചേർത്തു. എന്നാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയെന്ന ആരോപണം ഇസ്രായേൽ നിഷേധിച്ചു.
രണ്ട് ഹിസ്ബുള്ള പോരാളികൾ കൊല്ലപ്പെട്ട സംഭവവികാസങ്ങൾക്കിടയിലാണ് അമൽ ഖലീൽ കൊല്ലപ്പെട്ടതെന്നും വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം ഇസ്രായേൽ സൈന്യം ഹ്യൂമൻ റൈറ്റ്സ് വാച്ചിനെ അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട രണ്ട് വ്യക്തികൾ നിയമാനുസൃതമായ സൈനിക ലക്ഷ്യങ്ങളായിരുന്നു എന്ന് സ്ഥാപിക്കാൻ ഉപയോഗിച്ച തെളിവുകളുടെ സ്വഭാവത്തെക്കുറിച്ചുള്ള തുടർ ചോദ്യങ്ങൾക്ക് ഇസ്രായേൽ സൈന്യം മറുപടി നൽകിയിട്ടില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് വ്യക്തമാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ മാധ്യമപ്രവർത്തകർ ഒരിക്കലും ആക്രമിക്കപ്പെടാൻ പാടില്ലെന്നും, നിർഭാഗ്യവശാൽ ഗാസയിലെന്നപോലെ ലെബനനിലും ഇതൊരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഉടനടി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗവേഷകൻ റംസി ഖൈസ് സി.എൻ.എന്നിനോട് പറഞ്ഞു.















