ജെറുസലേം: ഇസ്രയേൽ ഗാസാ മുനമ്പിൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ഗാസാ സിറ്റിക്ക് തൊട്ടടുത്തായുള്ള അൽ റിമാലിൽ ആയിരുന്നു ആക്രമണം. കാറിനുനേരെ ഡ്രോൺ ആക്രമണമുണ്ടായാതായാണ് വിവരം. ഒമ്പതുകാരനായ കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് പലസ്‌തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറുപേർക്ക് പരിക്കേറ്റുവെന്നും ഗാസയിലെ പ്രതിരോധ ഏജൻസി അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും അദ്ദേഹത്തിൻ്റെ മകൻ സലാഹും കൊല്ലപ്പെട്ടതായാണ് ഗാസയിൽ നിന്നുള്ള സുരക്ഷാവൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം, കൊല്ലപ്പെട്ട മറ്റു രണ്ടുപേർ ആരാണെന്ന കാര്യത്തിൽ വ്യക്തയില്ല. ഭീകരർക്കുനേരെ ആക്രമണം നടത്തിയെന്ന് മാത്രമാണ് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാൻ അവർ തയ്യാറായിട്ടില്ല.
അതേസമയം, ഖാൻ യൂനിസിൽ നടന്ന ഇസ്രായേലിന്റെ മറ്റൊരു ആക്രമണത്തിലാണ് ആദിൽ അൽ നജ്ജാർ എന്ന ഒമ്പതുകാരൻ കൊല്ലപ്പെട്ടത്. ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും ഗാസയിലെ ആക്രമണത്തിൽ കുറവുണ്ടായിരുന്നില്ലെന്നും ദിനേന ഇസ്രയേൽ ആക്രമണങ്ങൾ തുടർന്നിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചുവെന്ന് ഇസ്രയേലും വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചുവെന്ന് ഹമാസും ആരോപിച്ച് ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
Five killed, including Hamas commander and son, in Israeli attack














