
എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും എൻ.എസ്.എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മുൻ അംഗവുമായ കെ.ബി. ഗണേഷ് കുമാർ. ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവും സ്വജനപക്ഷപാതപരവുമായ നിലയിൽ എൻ.എസ്.എസിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്ന് ജനറൽ സെക്രട്ടറിയോട് നേരിട്ട് തന്നെ മുൻപും വ്യക്തമാക്കിയിട്ടുണ്ടെന്നും പറയാനുള്ള കാര്യങ്ങൾ എപ്പോഴും തുറന്നുപറഞ്ഞാണ് ശീലമെന്നും ഗണേഷ് കുമാർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മുൻപ എന്തുകൊണ്ട് ഇതേക്കുറിച്ച് സംസാരിച്ചില്ല എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയും അദ്ദേഹം നൽകി. സംഘടനയിലും ഡയറക്ടർ ബോർഡിലും പറയേണ്ട കാര്യങ്ങൾ കൃത്യമായി അവിടെത്തന്നെ ഉന്നയിച്ചിട്ടുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു. താൻ എൻ.എസ്.എസിനോ കരയോഗങ്ങൾക്കോ എതിരല്ലെന്നും എന്നാൽ നായർ സർവീസ് സൊസൈറ്റിയെ നാശത്തിലേക്ക് നയിക്കാനുള്ള ചിലരുടെ നീക്കങ്ങൾ കണ്ടപ്പോൾ അത് പൊതുസമൂഹത്തോട് തുറന്നുപറയേണ്ടത് തന്റെ കടമയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാനായ മന്നത്ത് പത്മനാഭന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന മഹാപ്രസ്ഥാനത്തെ തെറ്റായ രീതിയിൽ കൊണ്ടുപോകുന്നത് കണ്ടില്ലെന്ന് നടിച്ചാൽ ആത്മാവ് പൊറുക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എൻ.എസ്.എസ് ബജറ്റ് സമ്മേളന വേദിയിലെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ടാണ് സുകുമാരൻ നായരുടെ നിലപാടുകൾക്കെതിരെ ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെ തുറന്നടിച്ചത്.
‘Have Always Spoken My Mind’: Ganesh Kumar Continues Attack Against Sukumaran Nair Over NSS Controversy













