കുടുംബത്തോടൊപ്പമുള്ള യാത്രക്കിടെ ട്രെയിനിൽനിന്ന് കാൽവഴുതി വീണു; പ്രശസ്ത സ്റ്റിൽ ഫൊട്ടോഗ്രാഫർ കൊല്ലം മോഹന് ദാരുണാന്ത്യം

ട്രെയിനിൽനിന്നു കാൽവഴുതി വീണ് പ്രശസ്ത സ്റ്റിൽ ഫൊട്ടോഗ്രാഫർ കൊല്ലം മോഹൻ (73) അന്തരിച്ചു. തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. മാർത്താണ്ഡത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായിരുന്ന മോഹൻ, കൊല്ലത്തുനിന്ന് മാർത്താണ്ഡത്തേക്കു പുറപ്പെട്ട ബന്ധുക്കൾ സഞ്ചരിച്ചിരുന്ന ട്രെയിനിൽ തിരുവനന്തപുരത്തുനിന്നാണ് കയറിയത്. എന്നാൽ ട്രെയിനിൽ വച്ച് ബന്ധുക്കൾക്ക് അദ്ദേഹവുമായി ബന്ധപ്പെടാൻ സാധിച്ചില്ല.

ബന്ധുക്കൾ മാർത്താണ്ഡത്ത് ട്രെയിൻ ഇറങ്ങിയെങ്കിലും മോഹനെ കാണാതായതോടെ അന്വേഷണം ആരംഭിച്ചു. തുടർന്ന് കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപം ഒരാൾ ട്രെയിനിൽനിന്നു വീണതായി വിവരം ലഭിക്കുകയും, നടത്തിയ തിരച്ചിലിൽ മോഹനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. റെയിൽവേ പൊലീസ് എത്തി മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം സ്വദേശമായ കൊല്ലം മണലിൽ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിച്ച് സംസ്കാരം നടത്തും.

മാർത്താണ്ഡം അഴകുവിളാകം വീട്ടിൽ പരേതരായ ശങ്കര നാരായണ പിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് മോഹനൻ നായർ എന്ന കൊല്ലം മോഹൻ. 1980-കൾ മുതൽ സിനിമാ പ്രസിദ്ധീകരണമേഖലയിൽ സജീവമായിരുന്ന അദ്ദേഹം കൊല്ലത്തുനിന്നു പ്രസിദ്ധീകരിക്കുന്ന നാനാ, കുങ്കുമം, കേരള ശബ്ദം എന്നിവയിൽ സ്റ്റാഫ് ഫോട്ടോഗ്രഫറായി പ്രവർത്തിച്ചിട്ടുണ്ട്. മധു, ജയൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ഉർവശി, കാർത്തിക, പാർവതി തുടങ്ങി ഒട്ടേറെ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സ്റ്റിൽ ഫോട്ടോകൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. ഭാര്യ: രുഗ്മിണീ ദേവി. മക്കൾ: രഞ്ജിനി (മുത്തൂറ്റ് ബാങ്ക്), രഞ്ജിത്ത്.

Renowned Still Photographer Kollam Mohan Dies After Slipping and Falling from Train

More Stories from this section

family-dental
witywide