അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ഇറാന് ‘പൂർണ്ണ വിജയം, പ്രഖ്യാപനവുമായി ഇറാൻ സ്പീക്കർ

ടെഹ്റാൻ: നിലവിലെ ആഗോള പ്രതിസന്ധികൾക്കിടയിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ തങ്ങൾ പൂർണ്ണ വിജയം കൈവരിച്ചതായി പ്രഖ്യാപിച്ച് ഇറാൻ. യുദ്ധത്തിൻ്റെ തുടക്കത്തിൽ ഇരുരാജ്യങ്ങളും ലക്ഷ്യമിട്ടിരുന്ന ഒമ്പത് തന്ത്രപ്രധാനമായ സൈനിക-രാഷ്ട്രീയ ലക്ഷ്യങ്ങളിൽ ഒന്നുപോലും കൈവരിക്കാൻ അവർക്ക് സാധിച്ചില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചക്കാരനുമായ മുഹമ്മദ് ബാഗർ ഗാലിബാഫ് അവകാശപ്പെട്ടു.

പോരാട്ടത്തിൻ്റെ സൈനിക തലത്തിലും രാഷ്ട്രീയ തലത്തിലും ഇറാൻ യഥാർത്ഥ അർത്ഥത്തിൽ വിജയം വരിച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെയോ ഇസ്രായേലിൻ്റെയോ സൈന്യത്തെ ഇറാൻ പൂർണ്ണമായി നശിപ്പിച്ചു എന്നല്ല ഈ വിജയവാദം കൊണ്ട് അർത്ഥമാക്കുന്നതെന്ന് ഗാലിബാഫ് വ്യക്തമാക്കി. “അമേരിക്കയും ഇസ്രായേലും നിർദ്ദിഷ്ടവും വ്യക്തവുമായ ലക്ഷ്യങ്ങളോടെയാണ് നമ്മളെ ആക്രമിച്ചത്. അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചതും രേഖപ്പെടുത്തിയതുമായ ആ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ അവർക്ക് കഴിഞ്ഞില്ല. ഇത് അമേരിക്കയ്ക്കും സയണിസ്റ്റ് ഭരണകൂടത്തിനും ഏറ്റവും വലിയ പ്രഹരവും പൂർണ്ണമായ പരാജയവുമാണ്,” യുദ്ധത്തെ പരാമർശിച്ചുകൊണ്ട് സ്പീക്കർ പറഞ്ഞു.

ജൂൺ 17-ന് ഒപ്പുവെച്ച ധാരണാപത്രം രാഷ്ട്രീയമായും നയതന്ത്രപരമായും ഇറാൻ്റെ വിജയം ഉറപ്പിക്കുന്ന ഒരു “ബഹുമതി പത്രമാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഫെബ്രുവരി 28-നാണ് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ശക്തമായ സൈനിക നീക്കം ആരംഭിച്ചത്. ഇറാന്റെ സൈനിക, ആണവ ശേഷികളെ കനത്ത രീതിയിൽ തകർക്കുക എന്നതായിരുന്നു സഖ്യകക്ഷികളുടെ ലക്ഷ്യം. എന്നാൽ അമേരിക്കയ്ക്കും ഇസ്രായേലിനും വലിയ സൈനിക-സാങ്കേതിക മേധാവിത്വമുണ്ടായിട്ടും, തങ്ങൾക്ക് ശക്തമായി തിരിച്ചടിക്കാൻ ശേഷിയുണ്ടെന്ന് ഇറാൻ തെളിയിച്ചു.

മേഖലയിലുടനീളമുള്ള അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ തർക്കം അന്താരാഷ്ട്ര ഊർജ്ജ വിപണികളെയും സമുദ്ര വ്യാപാരത്തെയും കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്തു. യുദ്ധം നിർത്തലാക്കാൻ ലക്ഷ്യമിട്ട് ജൂണിൽ ഉണ്ടാക്കിയ താൽക്കാലിക കരാർ, ട്രംപ് ജൂലൈയിൽ റദ്ദാക്കിയതോടെയാണ് സമാധാന ചർച്ചകൾ വഴിമുട്ടിയത്. വാഷിംഗ്ടൺ കരാർ ലംഘിച്ചതായി ആരോപിച്ച് ഇറാൻ നേരിട്ടുള്ള ചർച്ചകളിൽ നിന്ന് പിന്മാറി.

നിലവിൽ പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങൾ വഴിയാണ് പരോക്ഷ ചർച്ചകൾ നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇറാൻ്റെ ഭാഗത്തുനിന്നുള്ള ഈ ശക്തമായ പ്രസ്താവന. ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ മേഖലയിൽ വരും ദിവസങ്ങളിൽ ആശങ്ക വർദ്ധിച്ചേക്കും.

Iran’s speaker declares ‘complete victory’ against US and Israel

More Stories from this section

family-dental
witywide