
ഏഥൻസ്: യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത നാശം വിതച്ച് കാട്ടുതീ പടരുന്നു. ഗ്രീക്ക് ദ്വീപായ സലാമിനയിലുണ്ടായ ഇരട്ട കാട്ടുതീയിൽ രണ്ട് പേർ മരിച്ചു. ഞായറാഴ്ച മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ദ്വീപിൻ്റെ രണ്ട് ഭാഗങ്ങളിലായി തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റിൽ ജനവാസ മേഖലയിലേക്ക് തീ അതിവേഗം പടർന്നതിനെ തുടർന്ന് ബീച്ചിൽ എത്തിയ വിനോദസഞ്ചാരികൾ ഉൾപ്പെടെ 500-ഓളം പേരെ കോസ്റ്റ് ഗാർഡിൻ്റെയും സ്വകാര്യ ബോട്ടുകളുടെയും സഹായത്തോടെ കടൽമാർഗ്ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ദ്വീപിൻ്റെ തെക്കുഭാഗത്തുള്ള പെരിസ്റ്റീരിയയിൽ നിന്നാണ് മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കടുത്ത പുക ശ്വസിച്ചും പൊള്ളലേറ്റും പത്തിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ട് ഭാഗത്തുനിന്നും പടരുന്ന തീ മലനിരകൾ കടന്ന് ഒന്നുചേരാതിരിക്കാൻ ഇരുനൂറിലധികം അഗ്നിശമനസേനാംഗങ്ങളും വിമാനങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. നിലവിൽ ഒരു ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കിഴക്കൻ ബെൽജിയത്തിലെ പ്രശസ്തമായ ‘ഹൈ ഫെൻസ്’ പ്രകൃതിദത്ത വനമേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 30 ചതുരശ്ര കിലോമീറ്റർ പ്രദേശം കത്തിയമർന്നു. ബെൽജിയത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണിത്. തീ അതിവേഗം അതിർത്തി കടന്ന് ജർമ്മനിയിലേക്ക് പടരുന്നത് തടയാൻ ബെൽജിയം, ജർമ്മനി, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലെ സംയുക്ത സേന രംഗത്തുണ്ട്. സുരക്ഷ മുൻനിർത്തി 600-ഓളം താമസക്കാരെ ഇവിടെ നിന്നും ഒഴിപ്പിച്ചു. അന്താരാഷ്ട്ര സഹായത്തിനായി ബെൽജിയം യൂറോപ്യൻ യൂണിയൻ്റെ അടിയന്തര സഹായം തേടിയിട്ടുണ്ട്.
യുകെയിലും ഫ്രാൻസിലും സ്ഥിതി ഗുരുതരം
കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ കാടുകളിൽ പടർന്ന തീയിൽ 420 ചതുരശ്ര കിലോമീറ്റർ വനം പൂർണ്ണമായും നശിച്ചു. ലക്ഷക്കണക്കിന് ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചത്.
ബ്രിട്ടനിലെ സൗത്ത് വെയിൽസിൽ മാത്രം 14 ഇടങ്ങളിലാണ് നിലവിൽ കാട്ടുതീ പടരുന്നത്. വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ നിരവധി വീടുകൾ കത്തിനശിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസം ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 38.1°C രേഖപ്പെടുത്തിയിരുന്നു. ക്രൊയേഷ്യയിലും തീരദേശത്തുണ്ടായ കാട്ടുതീയിൽ ഒരാൾ മരിക്കുകയും ആയിരത്തിലധികം പേരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.
Europe burns in wildfires; Two dead, millions evacuated in twin wildfires in Greece













