ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ പ്രതീകാത്മക വിചാരണ നാളെ; ഖർഗെയുടെ വസതിയിൽ ‘സ്പീക്കറാ’യി മീരാ കുമാർ എത്തും; റാലി മാറ്റാൻ വ്യാപാരികളുടെ കത്ത്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രതീകാത്മക പരസ്യ വിചാരണ സംഘടിപ്പിക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിൽ വെച്ചാണ് പരിപാടി നടക്കുക. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറായി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ നടപടികൾ ആരംഭിക്കും. രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഖർഗെ, ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കും.

വിവിധ ഇന്ത്യാ സഖ്യ നേതാക്കളും എം.പിമാരും പൗരാവകാശ സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംസാരിക്കും. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടവകാശം നിഷേധിക്കപ്പെട്ട സാധാരണക്കാരെയും വേദിയിലെത്തിച്ച് അനുഭവങ്ങൾ പങ്കുവെപ്പിക്കാൻ നീക്കമുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മറുപടി പ്രസംഗത്തിന് പിന്നാലെ, ഗ്യാനേഷ് കുമാറിനെ പുറത്താക്കിക്കൊണ്ടുള്ള പ്രതീകാത്മക വിധി സ്പീക്കർ മീരാ കുമാർ പ്രഖ്യാപിക്കും. നേരത്തെ അശോകാ ഹോട്ടൽ, തൽക്കത്തോറ സ്റ്റേഡിയം എന്നിവിടങ്ങളിൽ പ്രതിഷേധത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് വേദി ഖർഗെയുടെ വസതിയിലേക്ക് മാറ്റിയത്.

മഹാറാലി സംഘടിപ്പിക്കുന്നതിനായി നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഒത്തുകൂടാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. പത്ത് ലക്ഷത്തോളം പേർ അണിനിരക്കുന്ന റാലി തടയാൻ പോലീസും കേന്ദ്രസേനയും ശ്രമിക്കുന്നുണ്ടെന്നും എന്നാൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കാളികളാകണമെന്നും, ദീപാവലി ഇടവേളയ്ക്ക് ശേഷം വരാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും സമാനമായ രീതിയിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്നും സഖ്യ നേതൃത്വം അറിയിച്ചു.

അതേസമയം ദീപാവലി സീസൺ പ്രമാണിച്ച് നവംബർ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന മഹാറാലി മാറ്റിവെക്കണമെന്ന ആവശ്യത്തിൽ ഡൽഹിയിലെ വ്യാപാരികൾ ശക്തമായി ഉറച്ചുനിൽക്കുകയാണ്. രാഹുൽ ഗാന്ധിക്ക് പുറമെ മമത ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾക്കെല്ലാം വ്യാപാരികളുടെ കൂട്ടായ്മ കത്തയച്ചിട്ടുണ്ട്. റാലി നടക്കുന്നത് വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ തീയതി നീട്ടിവെക്കണമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം.

Symbolic Trial of CEC Gyanesh Kumar Tomorrow: INDIA Alliance to Host Event at Kharge’s Residence Amid Traders’ Plea

More Stories from this section

family-dental
witywide