
വാഷിംഗ്ടൺ: ഇറാന് ചൈന ആയുധങ്ങൾ കൈമാറാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് രംഗത്തെത്തി. ഇത്തരമൊരു നീക്കം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അമേരിക്കയ്ക്ക് ഉറപ്പ് ലഭിച്ചതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധമാണ് ഈ ഉറപ്പിന് പിന്നിലെന്നും അവർ നേരിട്ട് ആശയവിനിമയം നടത്തിയതായും ഹെഗ്സെത്ത് വ്യക്തമാക്കി.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ചൈന പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാന് കൈമാറാൻ ഒരുങ്ങുന്നതായി രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് കഴിഞ്ഞ ആഴ്ച സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലെയും ഭരണത്തലവന്മാർ തമ്മിൽ ചർച്ച നടത്തിയത്. താൻ ഷി ജിൻപിംഗിന് അയച്ച കത്തിന് അനുകൂലമായ മറുപടി ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം നൽകിയ ഒരഭിമുഖത്തിൽ ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചു. ഇറാന് ആയുധം നൽകരുതെന്ന് താൻ ആവശ്യപ്പെട്ടതായും അത് ചെയ്യില്ലെന്ന് ഷി ജിൻപിംഗ് അറിയിച്ചതായും ട്രംപ് പറഞ്ഞു. മേയ് മാസത്തിൽ ട്രംപ് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താൻ ബീജിംഗ് സന്ദർശിക്കാനിരിക്കുകയാണ്.















