
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാൻ മടിക്കുന്ന യൂറോപ്യൻ സഖ്യകക്ഷികൾക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരത്തെ അമേരിക്കയേക്കാൾ കൂടുതൽ ആശ്രയിക്കുന്നത് യൂറോപ്പാണെന്നും, അതിനാൽ ഈ പോരാട്ടം അമേരിക്കയുടേതിനേക്കാൾ ഉപരിയായി യൂറോപ്പിന്റേതാണെന്നും അദ്ദേഹം വെള്ളിയാഴ്ച രാവിലെ പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.യൂറോപ്യൻ രാജ്യങ്ങൾ വെറുതെ ചർച്ചകൾ നടത്തുന്നതിലും ആഡംബര സമ്മേളനങ്ങൾ കൂടുന്നതിലും സമയം കളയാതെ കടലിലിറങ്ങി പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് ഹെഗ്‌സെത്ത് പരിഹസിച്ചു. അമേരിക്ക ഹോർമുസ് കടലിടുക്ക് വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും, എന്നാൽ യൂറോപ്പിന് ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനിക സഹായത്തിനായി ഇനി യൂറോപ്പിനെ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫെബ്രുവരി 28-ന് ഇറാനെതിരെ സൈനിക നടപടികൾ ആരംഭിച്ചത് മുതൽ നാറ്റോ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സഹകരണമില്ലായ്മയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതിരോധ സെക്രട്ടറിയും തുടർച്ചയായി അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ മറ്റ് രാജ്യങ്ങൾ തങ്ങളുടെ നാവികസേനയെ അയക്കണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സഖ്യകക്ഷികൾ ഇതിനോട് മുഖംതിരിച്ചതോടെ, അമേരിക്കയ്ക്ക് യഥാർത്ഥത്തിൽ ആരുടെയും സഹായം ആവശ്യമില്ലെന്ന് കഴിഞ്ഞ മാസം ട്രംപ് തുറന്നടിച്ചിരുന്നു. സഖ്യകക്ഷികൾക്കിടയിലെ ഈ അഭിപ്രായവ്യത്യാസം അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.













