തെല്ല് ആശ്വാസം, വെടിനിർത്തൽ അംഗീകരിച്ച് ഹിസ്ബുള്ള; ഇസ്രായേൽ ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ബെയ്റൂട്ട്: ഇസ്രായേലുമായി വീണ്ടും പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിന്‍റെ പ്രായോഗികതയിൽ കടുത്ത സംശയം പ്രകടിപ്പിച്ചും, എന്നാൽ പുതിയൊരു യുദ്ധം ഒഴിവാക്കാൻ താൽക്കാലികമായി സന്നദ്ധത അറിയിച്ചും സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, വെള്ളിയാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണ പരമ്പരയിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഈ കടുത്ത രക്തച്ചൊരിച്ചിലിന് ഒടുവിലാണ് ഖത്തർ, യുഎസ്, ഇറാൻ എന്നിവരുടെ മധ്യസ്ഥതയിൽ ഇരുപക്ഷവും പുതിയൊരു വെടിനിർത്തലിന് ധാരണയായത്.

ഇസ്രായേൽ കരാർ പാലിക്കാൻ തയ്യാറായാൽ തങ്ങളും വെടിനിർത്തൽ മാനിക്കുമെന്നും എന്നാൽ ഏതൊരു ആക്രമണത്തിനും തിരിച്ചടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഹിസ്ബുള്ള പാർലമെന്റ് അംഗം ഇബ്രാഹിം അൽ-മൂസാവി വ്യക്തമാക്കി. ഖത്തർ ആസ്ഥാനമായുള്ള അൽ-അറബി ടിവിക്ക് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ പോരാളികൾ വെടിനിർത്തലിനെ ബഹുമാനിക്കുമെന്ന് വ്യക്തമാക്കിയ മറ്റൊരു ഹിസ്ബുള്ള നേതാവ്, ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ധാരണകളെ അട്ടിമറിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് സിഎൻഎന്നിനോട് ആരോപിച്ചു. ലെബനനിലെ സമഗ്രവും പൂർണ്ണവുമായ വെടിനിർത്തൽ ഉൾപ്പെടുന്ന ഇറാൻ-അമേരിക്കൻ കരാറിനെ തകർക്കുകയാണ് നിലവിലെ ഇസ്രായേൽ നീക്കങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കരാർ പ്രകാരം തെക്കൻ ലെബനനിൽ സൈനിക നടപടികൾ തുടരാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന വാദത്തെ ഹിസ്ബുള്ള നേതാവ് പൂർണ്ണമായും തള്ളി. ഇത്തരം അവകാശവാദങ്ങൾ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പ്രതിരോധം തീർക്കാനുള്ള ലെബനന്റെ അവകാശത്തെ ന്യായീകരിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലെബനൻ മണ്ണിലുള്ള ഇസ്രായേൽ സൈന്യത്തിന്റെ ഏതൊരു നീക്കത്തിനും അർഹമായ മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള ഏത് തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാൻ തങ്ങൾ അതീവ ജാഗ്രതയോടെ നിലയുറപ്പിക്കുമെന്ന് ഹിസ്ബുള്ള ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ചരിത്രത്തിൽ ഇന്നേവരെ ഒരു വെടിനിർത്തൽ കരാറും ഒരു ദിവസം പോലും പൂർണ്ണമായി പാലിക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ലെന്നും ഹിസ്ബുള്ള കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide