ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള ബന്ധത്തിൽ അഭിമാനമെന്ന് ഹിസ്ബുള്ള, യുഎസ് നടപടിക്കെതിരെ കടുത്ത അമർഷം; ഉപരോധ തീരുമാനത്തെ അപലപിച്ച് സംഘടന

ബെയ്റൂട്ട്: തങ്ങളെ ഇറാന്റെ നിഴൽ സംഘടനയായി പുനർനാമകരണം ചെയ്യാനും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഹിസ്ബുള്ള രംഗത്തെത്തി. അമേരിക്കയുടെ ഈ നടപടി തികച്ചും അന്യായമാണെന്ന് വിശേഷിപ്പിച്ച സംഘടന, പ്രതിരോധത്തിന്റെ പാതയിൽ നിന്നും പ്രസ്ഥാനത്തെ പിന്തിരിപ്പിക്കാൻ ഇത്തരം നീക്കങ്ങൾക്കാവില്ലെന്ന് വ്യക്തമാക്കി.

ഹിസ്ബുള്ള ഒരു സ്വതന്ത്ര പ്രസ്ഥാനമല്ലെന്നും, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC-QF) നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് പുതിയ ഉത്തരവിറക്കിയത്. ലെബനന്റെ പരമാധികാരത്തെയും സുരക്ഷയെയും ഹനിക്കുന്ന രീതിയിലാണ് സംഘടനയുടെ പ്രവർത്തനമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചു. കൂടാതെ ഹിസ്ബുള്ളയിലേക്ക് പണമത്തിക്കുന്ന വിദേശ ശൃംഖലകൾക്ക് മേൽ യുഎസ് പുതിയ ഉപരോധങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, അമേരിക്കയുടെ പ്രതിരോധ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഹിസ്ബുള്ള മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക്കുമായി തങ്ങൾക്കുള്ള ബന്ധത്തിൽ അഭിമാനിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ സംഘടന, ലെബനന്റെ പരമാധികാരവും വിഭവങ്ങളും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ് നൽകി. ലെബനനും ഇസ്രായേലിനുമിടയിൽ സമാധാന ചർച്ചകൾക്ക് യുഎസ് മധ്യസ്ഥത വഹിക്കുന്നതിനിടയിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ വികസിക്കുന്നത്.

More Stories from this section

family-dental
witywide