
ജറൂസലേം: ഫലസ്തീൻ പ്രദേശങ്ങളെ വേർതിരിക്കാനും ഇരുരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ പൂർണ്ണമായി ഇല്ലാതാക്കാനും വഴിയൊരുക്കുന്ന അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനം നേരിട്ട വെസ്റ്റ് ബാങ്കിലെ ഇ-1 സെറ്റിൽമെന്റ് പദ്ധതിയുമായി ഇസ്രായേൽ സർക്കാർ മുന്നോട്ട് പോകുന്നു. കിഴക്കൻ ജറൂസലേമിൽ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് തുടർച്ചയായ ജൂത അധിവാസ മേഖല നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഇ-1 പ്രദേശത്ത് 1,200-ലധികം ഭവന നിർമ്മാണ യൂണിറ്റുകൾക്കായി ഇസ്രായേൽ ഹൗസിംഗ് മന്ത്രാലയം ദർഘാസുകൾ (ബിഡുകൾ) ക്ഷണിച്ചു.
ഈ പദ്ധതി പൂർത്തിയാകുന്നതോടെ വെസ്റ്റ് ബാങ്ക് വടക്കൻ, തെക്കൻ മേഖലകളായി വിഭജിക്കപ്പെടുകയും ഫലസ്തീന്റെ തലസ്ഥാനമായി കണക്കാക്കപ്പെടുന്ന കിഴക്കൻ ജറൂസലേം മറ്റ് ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് പൂർണ്ണമായി ഒറ്റപ്പെടുകയും ചെയ്യും. ഒക്ടോബർ അവസാനത്തോടെ നടക്കുന്ന ഇസ്രായേൽ തിരഞ്ഞെടുപ്പിന് ഒരു ആഴ്ച മുമ്പാണ് ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് സർക്കാർ നടത്തുന്ന ഈ നീക്കം ഇസ്രായേലിൽ ദീർഘകാലത്തേക്ക് രക്തച്ചൊരിച്ചിലും സംഘർഷവും ഉറപ്പാക്കാനുള്ള വിനാശകരമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇസ്രായേലി നിരീക്ഷണ സംഘടനയായ പീസ് നൗ വിമർശിച്ചു.
കടുത്ത അന്താരാഷ്ട്ര കടുത്ത എതിർപ്പും സമ്മർദ്ദവും കാരണം വർഷങ്ങളായി ഇസ്രായേൽ ഈ പദ്ധതി നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ വെസ്റ്റ് ബാങ്കിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത്തിൽ അംഗീകാരം നൽകിവരികയാണ്. ഇ-1 സെറ്റിൽമെന്റ് നിർമ്മാണത്തിൽ പങ്കാളികളാകുന്ന കമ്പനികൾ നിയമപരവും പ്രശസ്തിപരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കാനഡ, ഓസ്ട്രേലിയ, ജർമ്മനി എന്നീ രാജ്യങ്ങൾ മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുകെ, നോർവേ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാർ ചേർന്നുള്ള പുതിയ സംയുക്ത പ്രസ്താവനയിൽ ഇസ്രായേലിന്റെ ഈ നീക്കത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. വെസ്റ്റ് ബാങ്കിൽ സംഘർഷങ്ങൾ രൂക്ഷമാകുകയും ഫലസ്തീൻ സിവിലിയന്മാർക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ഇസ്രായേലിന്റെ തീരുമാനം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് അവർ വ്യക്തമാക്കി. അതേസമയം ഫലസ്തീൻ രാഷ്ട്രമെന്ന ആശയം പൂർണ്ണമായി ഇല്ലാതാക്കപ്പെടുകയാണെന്ന് ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് തുറന്നടിച്ചു.















