
വാഷിംഗ്ടൺ/ബെയ്ജിംഗ്: ഇറാനെ പൂർണ്ണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ഇക്കണോമിക് ഡി-ഡേ’ (സാമ്പത്തിക യുദ്ധം) ഭീഷണിക്കെതിരെ അതിരൂക്ഷമായ എതിർപ്പുമായി ചൈന രംഗത്തെത്തി. ഉപരോധങ്ങളും കടുത്ത സമ്മർദ്ദ തന്ത്രങ്ങളും ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും, ഇത്തരം നീക്കങ്ങൾ ഒരു കക്ഷിയുടെയും താൽപ്പര്യങ്ങൾക്ക് ഗുണം ചെയ്യില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാനുമായി വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ തുടരുന്ന രാജ്യങ്ങൾക്ക് എതിരെ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, വാഷിംഗ്ടണിന്റെ ഉപരോധ പദ്ധതികളുമായി സഹകരിക്കാൻ ബെയ്ജിംഗിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇറാന്റെ പ്രധാന സാമ്പത്തിക പങ്കാളിയായ ചൈനയെ കടുത്ത ഭീഷണികളിലൂടെ വഴിപെടുത്താൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അടുത്ത മാസം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് യുഎസ് സന്ദർശിക്കാനിരിക്കെ, സാമ്പത്തിക രംഗത്ത് കടുത്ത നടപടികളിലേക്ക് കടക്കാൻ ട്രംപിന് പരിമിതികളുണ്ട്. കൂടാതെ, നിർണായകമായ അപൂർവ്വ ധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈനയ്ക്കുള്ള ആധിപത്യം അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയാണ്. അതേസമയം, അമേരിക്കയുടേത് അന്യായമായ ഉപരോധങ്ങളാണെന്ന് കുറ്റപ്പെടുത്തിയ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, രാജ്യത്തിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കാൻ ഏതറ്റം വരെ ത്യാഗം സഹിക്കാനും ഏത് ഉപരോധത്തെയും അതിജീവിക്കാനും രാജ്യം സജ്ജമാണെന്ന് വ്യക്തമാക്കി.














