
റിയാദ്: കഴിഞ്ഞ ആഴ്ചയുണ്ടായ ആക്രമണത്തിൽ തകർന്ന സൗദി അറേബ്യയുടെ നിർണായക എണ്ണ പൈപ്പ്‌ലൈൻ പൂർണ്ണമായി പ്രവർത്തനക്ഷമമാകാൻ ആഴ്ചകളോളം എടുത്തേക്കുമെന്ന് രണ്ട് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് (AP) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പേർഷ്യൻ ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ആക്രമണങ്ങളെ തുടർന്ന് കപ്പൽ ഗതാഗതം സ്തംഭിച്ച പശ്ചാത്തലത്തിൽ, എണ്ണ കയറ്റുമതി ചെങ്കടലിലേക്ക് മാറ്റാനുള്ള സൗദി അറേബ്യയുടെ തന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതയാണ് രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ (East-West Pipeline).
കിഴക്കൻ സൗദി അറേബ്യയിൽ നിന്ന് ചെങ്കടലിലെ യാൻബു തുറമുഖത്തേക്ക് പ്രതിദിനം 7 ദശലക്ഷം ബാരൽ വരെ എണ്ണ എത്തിക്കാൻ ശേഷിയുള്ളതാണ് 745 മൈൽ നീളമുള്ള ഈ പൈപ്പ്‌ലൈൻ. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഈ പൈപ്പ്‌ലൈൻ അടച്ചുപൂട്ടാൻ നിർബന്ധിതരായി തീരുകയായിരുന്നു. ഇറാഖിലെ ഇറാൻ പിന്തുണയുള്ള തീവ്രവാദികളാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സൗദി അറേബ്യ ആരോപിച്ചു.
പ്രധാന പമ്പിങ് കേന്ദ്രത്തിലെ തകരാറുകൾ പരിഹരിക്കുന്നതടക്കമുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ മൂന്ന് മുതൽ അഞ്ച് ആഴ്ച വരെ എടുത്തേക്കാമെന്ന് വിഷയത്തെക്കുറിച്ച് വിവരമുള്ള ഉദ്യോഗസ്ഥർ എപി യോട് പറഞ്ഞു. എന്നാൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്തും പൈപ്പ്‌ലൈൻ ഭാഗികമായി പ്രവർത്തിച്ചേക്കാമെന്നും ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പൈപ്പ്‌ലൈൻ നടത്തിപ്പുകാരായ സൗദി സ്റ്റേറ്റ് ഓയിൽ കമ്പനിയായ അരാംകോ സംഭവത്തോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പൈപ്പ്‌ലൈൻ നന്നാക്കാൻ എത്ര സമയം എടുക്കുമെന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ അന്വേഷണങ്ങൾ പരിശോധിച്ചുവരികയാണെന്ന് സൗദി സർക്കാരിന് കീഴിലുള്ള സെന്റർ ഫോർ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ അറിയിച്ചു. അതേസമയം, പൈപ്പ്‌ലൈൻ ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി തിങ്കളാഴ്ച നിഷേധിച്ചു.















