
ന്യൂയോർക്ക്: സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡും വിസയും നിഷേധിക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് അധികാരം നൽകുന്ന ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ. ന്യൂയോർക്കിന്‍റെ നേതൃത്വത്തിൽ 22 സംസ്ഥാനങ്ങളും വാഷിംഗ്ടൺ ഡിസിയും സംയുക്തമായാണ് ട്രംപ് ഭരണകൂടത്തിനെതിരെ ഹർജി നൽകിയത്.
വെള്ളിയാഴ്ച പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ നിയമപ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങൾ, മെഡിക്കെയ്ഡ്, ഭവന വൗച്ചറുകൾ തുടങ്ങിയ സർക്കാർ സഹായങ്ങൾ കൈപ്പറ്റുന്ന കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നത് കഠിനമാകും. ന്യൂയോർക്ക് സ്റ്റേറ്റ് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ്, ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി എന്നിവർ സിറ്റി ഹാളിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഹർജി സമർപ്പിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നിയമനടപടികളെ ഭയന്ന് കുടിയേറ്റ കുടുംബങ്ങൾ സർക്കാർ ആനുകൂല്യങ്ങൾ ഉപേക്ഷിക്കുന്നത് വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട കോടിക്കണക്കിന് ഡോളറിന്റെ ഫണ്ട് നഷ്ടമാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ തുടങ്ങിയ പ്രധാന നഗരങ്ങളും ഈ നിയമപോരാട്ടത്തിൽ ന്യൂയോർക്കിനൊപ്പം പങ്കാളികളായിട്ടുണ്ട്.















