
വാഷിംഗ്ടണ്‍: കൃത്രിമബുദ്ധി (എഐ) വികസനം അതിവേഗം മുന്നേറുന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും വേണമെന്ന വൻകിട ടെക് സിഇഒമാരുടെ ആവശ്യത്തെ തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്‍റെ മുൻ നിലപാട് കൂടുതൽ ശക്തമാക്കി രംഗത്തെത്തിയത്. എഐ വികസനത്തിന് കടുത്ത നിയന്ത്രണങ്ങളല്ല, മറിച്ച് ശക്തനും മിടുക്കനുമായ (High IQ) ഒരു പ്രസിഡന്‍റാണ് ആവശ്യമെന്ന് അദ്ദേഹം കുറിച്ചു.
ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ്, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് എന്നിവർ എഐ നിർമ്മാണത്തിൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്‍റെ വിമർശനം. ഇത്തരം എഐ കമ്പനികൾക്ക് മേൽ ആവശ്യത്തിന് ക്രിമിനൽ, റെഗുലേറ്ററി അധികാരങ്ങൾ സർക്കാരിനുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എഐ വികസനത്തിനെതിരെ നടക്കുന്ന നീക്കങ്ങൾ ചൈനയ്ക്ക് മാത്രമാണ് ഗുണം ചെയ്യുകയെന്നും എഐ സാങ്കേതികവിദ്യയിൽ വിജയിക്കുന്നവരായിരിക്കും ലോകം ഭരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വൻകിട കമ്പനികൾ സർക്കാരിനോട് നിയന്ത്രണം ആവശ്യപ്പെടുന്നത് ഒരു “ട്രോജൻ കുതിര”യെപ്പോലെ സംശയകരമാണെന്ന് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് പ്രതികരിച്ചു. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനാണോ കമ്പനികൾ ഈ നീക്കം നടത്തുന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഐ മനുഷ്യവംശത്തിന് ഭീഷണിയാകാതിരിക്കാൻ നയരൂപീകരണം നടത്തണമെന്ന് ആവശ്യപ്പെട്ട് വാഷിംഗ്ടണിൽ പ്രോ-ഹ്യൂമൻ അസംബ്ലി യോഗം ചേരാനിരിക്കെയാണ് ട്രംപിന്‍റെ ഈ ശക്തമായ പ്രസ്താവന.















