
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടർന്നുപിടിക്കുന്ന അപൂർവ ‘ബുന്ദിബുഗ്യോ’ വകഭേദത്തിൽ പെട്ട എബോള വൈറസ് ബാധയിൽ നിന്നും അഞ്ച് പേർ സുഖം പ്രാപിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ച നാല് ആരോഗ്യപ്രവർത്തകരെയും (നഴ്സുമാർ) ഒരു ലബോറട്ടറി ജീവനക്കാരനെയുമാണ് കോംഗോയിലെ ബുനിയയിലുള്ള ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. രോഗം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ പരിചരണം നൽകിയാൽ എബോളയെ അതിജീവിക്കാൻ സാധിക്കുമെന്ന വലിയ പ്രത്യാശയാണ് ആരോഗ്യ വിദഗ്ധർ പങ്കുവയ്ക്കുന്നത്.
നിലവിൽ കോംഗോയിൽ എബോള സ്ഥിരീകരിച്ചവരുടെ എണ്ണം 282 ആയി ഉയർന്നു. 42 പേർ മരണപ്പെടുകയും ചെയ്തു. പുതുതായി 19 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി കോംഗോ വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. കോംഗോയിലും ഉഗാണ്ടയിലുമായി പടരുന്ന ഈ രോഗബാധയെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ഇതൊരു ആഗോള മഹാമാരിയായി മാറിയിട്ടില്ല.
അതിനിടെ, എബോള ബാധിത രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്തെത്തിയ ചിലരിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ബ്രസീൽ, ഇറ്റലി എന്നീ രാജ്യങ്ങളിൽ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ 1,100-ലധികം സംശയാസ്പദമായ കേസുകൾ നിരീക്ഷിച്ചുവരികയാണെന്ന് ആഫ്രിക്കൻ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു.
ബ്രസീലിലെ സാവോപോളോയിൽ കോംഗോയിൽ നിന്നും മടങ്ങിയെത്തിയ ഒരാൾക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ‘മെനിഞ്ചൈറ്റിസ്’ സ്ഥിരീകരിച്ചു. റിയോ ഡി ജനീറോയിൽ ഉഗാണ്ടയിൽ നിന്നും എത്തിയ മറ്റൊരു രോഗിക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ രോഗനിർണ്ണയങ്ങൾക്കൊന്നും തന്നെ ഇവർക്ക് എബോള ഇല്ലെന്ന് പൂർണ്ണമായി തള്ളിക്കളയാനാവില്ലെന്ന് ബ്രസീലിയൻ ആരോഗ്യ അധികൃതർ വ്യക്തമാക്കി ഇറ്റലിയിലെ സാർഡിനിയ പ്രവിശ്യയുടെ തലസ്ഥാനമായ കാഗ്ലിയാരിയിൽ, കോംഗോയിൽ നിന്നും തിരിച്ചെത്തിയ ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പ്രത്യേക എബോള പ്രോട്ടോക്കോൾ പ്രകാരമുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇയാളുടെ ആദ്യഘട്ട പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബുന്ദിബുഗ്യോ വൈറസ് മൂലമുണ്ടാകുന്ന എബോളയ്ക്ക് നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ലെന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എങ്കിലും മികച്ച വൈദ്യസഹായം ലഭ്യമാക്കുന്നതിലൂടെ രോഗികളെ രക്ഷപ്പെടുത്താനാകുമെന്ന് കോംഗോ സന്ദർശിച്ച ലോകാരോഗ്യ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. എബോള ചരിത്രത്തിലെ മൂന്നാമത്തെ വലിയ വ്യാപനമാണിത്. ആഗോളതലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയാണ് ആരംഭിച്ചതെന്നതിനാൽ രോഗം മറ്റ് മേഖലകളിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Hope amid Ebola scare in Congo; Five people recover, Brazil and Italy on high alert













