
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ പൗരന് എബോള സ്ഥിരീകരിച്ചു. എബോള വൈറസിൻ്റെ ‘ബുണ്ടിബുഗ്യോ’ വകഭേദമാണ് ഇയാൾക്ക് ബാധിച്ചതെന്ന് യു.എസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. രോഗബാധിതനായ വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. രോഗവ്യാപനം തടയുന്നതിനും രോഗിയുമായി സമ്പർക്കത്തിൽ വന്ന ഉയർന്ന അപകടസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനുമായി സി.ഡി.സി കോംഗോയിലെ പ്രാദേശിക ആരോഗ്യ ഏജൻസികളുമായി ചേർന്ന് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കോംഗോയിൽ നിലവിൽ എബോള ബാധിതരുടെ എണ്ണം 648 മരണങ്ങൾ ഉൾപ്പെടെ 1,830 ആയി ഉയർന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, രോഗബാധ കോംഗോയിലെ വിദൂര പ്രദേശങ്ങളിലും അയൽരാജ്യമായ ഉഗാണ്ടയിലും മാത്രമാണ് നിലവിൽ ഒതുങ്ങിനിൽക്കുന്നത്. അതിനാൽ അമേരിക്കൻ ജനതയ്ക്കോ മറ്റ് വിദേശ യാത്രക്കാർക്കോ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം യു.എസിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും സി.ഡി.സി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
കഴിഞ്ഞ മേയ് മാസത്തിലും സമാനമായ രീതിയിൽ കോംഗോയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. പീറ്റർ സ്റ്റാഫോർഡ് എന്ന അമേരിക്കൻ മിഷനറി ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തെയും കുടുംബത്തെയും ജർമ്മനിയിലെ ബെർലിനിലേക്ക് അത്യാധുനിക ചികിത്സയ്ക്കായി മാറ്റിപ്പാർപ്പിക്കുകയാണുണ്ടായത്. കടുത്ത പനിയും ശരീരമാസകലം തളർച്ചയും നേരിട്ട താൻ ആഗോള വൈദ്യസഹായത്തിൻ്റെ പിന്തുണയോടെയാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്ന് സുഖം പ്രാപിച്ച ശേഷം ഡോക്ടർ സി.എൻ.എന്നിനോട് പ്രതികരിച്ചു.
ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എബോള വ്യാപനത്തിനാണ് ഇപ്പോൾ കോംഗോ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ മാസം കോംഗോയിൽ നിന്നും തിരിച്ചെത്തിയ ഒരു ഫ്രഞ്ച് ജീവകാരുണ്യ പ്രവർത്തകന് ഫ്രാൻസിൽ എബോള സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ എബോള കേസാണിത്. അന്താരാഷ്ട്ര തലത്തിൽ രോഗവ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും.
US citizen diagnosed with Ebola in Congo; concerns outside Africa













