ആശങ്ക അവസാനിക്കുന്നില്ല! ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം മാറ്റമില്ലാതെ തുടരുന്നു; അതീവ ജാഗ്രത വേണമെന്ന് യുകെഎംടിഒ

ലണ്ടൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള മൊത്തം കപ്പൽ ഗതാഗതം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥിരതയോടെ തുടരുകയാണെങ്കിലും, ഒമാൻ തീരം വഴിയുള്ള തെക്കൻ പാതയിൽ കപ്പലുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര സമുദ്ര സുരക്ഷാ ഏജൻസി വ്യക്തമാക്കുന്നു. തന്ത്രപ്രധാനമായ ഈ ജലപാതയിലെ ഒമാൻ ഇടനാഴിയിലൂടെയുള്ള കപ്പലുകളുടെ നീക്കം സുസ്ഥിരമാണെന്നും എന്നാൽ ഗതാഗതത്തിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നില്ലെന്നും ബ്രിട്ടീഷ് നാവികസേനയുടെ കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഞായറാഴ്ച അറിയിച്ചു.

കഴിഞ്ഞ മാസം യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് മുൻപുള്ള അവസ്ഥയെ അപേക്ഷിച്ച് നിലവിൽ ഈ മേഖലയിലെ സുരക്ഷാ ഭീഷണികൾ കുറവാണെന്ന് യുകെഎംടിഒ വിലയിരുത്തി. എങ്കിലും കപ്പലുകൾക്ക് നേരെ ശത്രുതാപരമായ നീക്കങ്ങൾ നടത്താനുള്ള ഇറാന്റെ കഴിവും താല്പര്യവും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അടുത്തിടെ കടുത്ത പ്രകോപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും കപ്പലുകൾ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യം തന്നെയാണ് നിലവിലുള്ളതെന്നും ഏജൻസി കൂട്ടിച്ചേർത്തു.

അതേസമയം, ഇറാന്റെ നിയന്ത്രണത്തിലുള്ള വടക്കൻ പാതയിലൂടെയും കപ്പലുകൾ ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ യഥാർത്ഥ തോത് കൃത്യമായി വിലയിരുത്താൻ സാധിക്കുന്നില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ റൂട്ടിലൂടെ സഞ്ചരിക്കുന്ന ചില കപ്പലുകൾ അവയുടെ ലൊക്കേഷൻ വ്യക്തമാക്കുന്ന ട്രാൻസ്പോണ്ടറുകൾ പൂർണ്ണമായും ഓഫാക്കിയിട്ടിരിക്കുന്നതാണ് ഇതിന് കാരണമെന്നും യുകെഎംടിഒ വ്യക്തമാക്കി.

More Stories from this section

family-dental
witywide