
ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം കഴിഞ്ഞയാഴ്ച തീർത്തും മന്ദഗതിയിലാവുകയും വാരാന്ത്യത്തോടെ വീണ്ടും കുത്തനെ കുറയുകയും ചെയ്തതായി സമുദ്ര നിരീക്ഷണ ഏജൻസിയായ കെപ്ലർ വ്യക്തമാക്കി. ജലപാതയിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ ഉടൻ ധാരണയിലെത്തിയേക്കുമെന്ന സൂചനകൾ നിലനിൽക്കുമ്പോഴാണ് ഈ തളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച 15 കപ്പലുകൾ കടന്നുപോയ സ്ഥാനത്ത് ശനിയാഴ്ച 11 ആയും ഞായറാഴ്ച കേവലം 6 ആയും ഗതാഗതം കുറഞ്ഞു. ഇതിൽ പകുതിയോളം കപ്പലുകൾ ഇറാൻ അംഗീകരിച്ച വടക്കൻ പാതയാണ് ഉപയോഗിച്ചത്.
ആഗോള അസംസ്കൃത എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ നിർണായക സമുദ്രപാത പൂർണ്ണമായി തുറന്നുകൊടുക്കുന്നതിന് ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ കർശന ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കൻ നാവിക ഉപരോധം അവസാനിപ്പിക്കുക, ഇറാന്റെ പരിസര പ്രദേശങ്ങളിൽനിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കുക, മേഖലയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തെഹ്‌റാൻ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, ചെങ്കടലിന്‍റെ തെക്കേ അറ്റത്തുള്ള മറ്റൊരു സുപ്രധാന സമുദ്ര വ്യാപാര പാതയായ ബാബ് അൽ മന്ദബ് കടലിടുക്കിൽ കപ്പൽ ഗതാഗതം താരതമ്യേന സജീവമായി തുടരുകയാണെന്ന് കെപ്ലർ റിപ്പോർട്ട് ചെയ്യുന്നു. ഇതേ കാലയളവിൽ 116 കപ്പലുകളാണ് ഇതുവഴി സഞ്ചരിച്ചത്. മേഖലയിൽ ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിദിനം മുപ്പതിലേറെ കപ്പലുകൾ വീതം സ്ഥിരമായി ഈ പാത ഉപയോഗിക്കുന്നുണ്ട്.














