
ടെഹ്റാൻ: ഇറാനിൽ നടന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവതി തടവറയിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിന് സന്ദേശമയച്ചു. തന്റേതുൾപ്പെടെ മരണശിക്ഷ കാത്തുകഴിയുന്ന നിരവധി പ്രക്ഷോഭകരുടെ ജീവൻ രക്ഷിക്കാൻ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും അടിയന്തരമായി ഇടപെടണമെന്ന് 33-കാരിയായ മഹ്ബൂബ ഷഹ്ബാനി അഭ്യർത്ഥിച്ചു. കിഴക്കൻ ഇറാനിയൻ നഗരമായ മഷാദിലെ വകീലാബാദ് ജയിലിൽ നിന്ന് ഷഹ്ബാനി അയച്ച ശബ്ദസന്ദേശം അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകളാണ് പുറത്തുവിട്ടത്.
ജനുവരിയിൽ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരുടെ വധശിക്ഷ ഇറാൻ ഭരണകൂടം അടുത്തിടെ നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആശങ്ക പങ്കുവെച്ച് ഷഹ്ബാനിയുടെ ഓഡിയോ സന്ദേശം പുറത്തുവരുന്നത്. പ്രക്ഷോഭകരെ ഭയപ്പെടുത്താനും വീണ്ടും തെരുവിൽ പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നത് തടയാനുമാണ് ഭരണകൂടം ഉയർന്ന ശിക്ഷകൾ നടപ്പാക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. 2025-ൽ ഇറാനിൽ വധശിക്ഷ നടപ്പാക്കുന്നത് ഇരട്ടിയിലധികമായി വർദ്ധിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ മുൻപ് വ്യക്തമാക്കിയിരുന്നു.
അമേരിക്കയ്ക്കും ഇസ്രായേലിനും മറ്റ് പ്രതിപക്ഷ ഗ്രൂപ്പുകൾക്കും സഹായകരമായ രീതിയിൽ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു എന്ന കുറ്റം ചുമത്തിയാണ് ഷഹ്ബാനിക്ക് കോടതി മരണശിക്ഷ വിധിച്ചത്. എന്നാൽ പരിക്കേറ്റ പ്രക്ഷോഭകരെ സ്വന്തം മോട്ടോർ സൈക്കിളിൽ ആശുപത്രിയിൽ എത്തിക്കുക മാത്രമാണ് ഇവർ ചെയ്തതെന്ന് മനുഷ്യാവകാശ പ്രസ്ഥാനമായ ഇറാന് ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കി. ജയിലിൽ ഭയത്തോടെയും മാനസിക സമ്മർദ്ദത്തോടെയും കഴിയുന്ന നിരവധി തടവുകാരുടെ ജീവൻ രക്ഷിക്കാൻ ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് സന്ദേശത്തിൽ അവർ ആവശ്യപ്പെട്ടു.














