
വാഷിംഗ്ടൺ: അമേരിക്കയിലെ യോഗ്യരായ കുട്ടികൾക്കായി 60 ദശലക്ഷത്തോളം ‘ട്രംപ് അക്കൗണ്ടുകൾ’ ട്രഷറി വകുപ്പ് സ്വയം ആരംഭിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച താൽക്കാലിക മാർഗ്ഗനിർദ്ദേശങ്ങൾ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന ഈ സംവിധാനത്തോടെ, കുട്ടികളുടെ രക്ഷിതാക്കൾ പ്രത്യേകമായി അപേക്ഷിക്കാതെ തന്നെ അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ നികുതി നിയമപ്രകാരം ആരംഭിച്ച പദ്ധതി വഴി 2025 ജനുവരി 1-നും 2028 ഡിസംബർ 31-നും ഇടയിൽ ജനിക്കുന്ന അമേരിക്കൻ പൗരന്മാരായ കുട്ടികൾക്ക് സർക്കാർ ബോണസായി 1,000 ഡോളർ ആദ്യ നിക്ഷേപമായി ലഭിക്കും.
സ്വയം അക്കൗണ്ട് ആരംഭിക്കുന്ന സംവിധാനം നിലവിൽ വരുന്നതോടെ ഓരോ വർഷവും ജനിക്കുന്ന രണ്ടു ദശലക്ഷത്തിലധികം കുട്ടികൾ കൂടി പദ്ധതിക്ക് കീഴിൽ വരികയും അക്കൗണ്ടുകളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുകയും ചെയ്യും. അക്കൗണ്ടുകൾ ആരംഭിക്കുന്നത് ലളിതമാക്കിയതോടെ വ്യവസായികളിൽ നിന്നും മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും കോടിക്കണക്കിന് ഡോളറിന്റെ സഹായങ്ങൾ കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്താൻ വഴിതുറക്കും.
മുൻപ് ജൂലൈ 4-ന് പുറത്തിറക്കിയ പ്രത്യേക മൊബൈൽ ആപ്പ് വഴിയോ ഐ.ആർ.എസ് ഫോം 4547 സമർപ്പിച്ചോ മാത്രമാണ് രക്ഷിതാക്കൾക്ക് അക്കൗണ്ടുകൾ തുറക്കാൻ സാധിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തിക്കൊണ്ടാണ് ട്രഷറി വകുപ്പും ഐ.ആർ.എസും ചേർന്ന് സ്വയം അക്കൗണ്ട് തുറക്കുന്നതിനുള്ള പുതിയ നിയമപരമായ ചട്ടക്കൂട് തയാറാക്കിയത്. പദ്ധതി പ്രകാരം യോഗ്യതയുള്ള മറ്റു കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ തൊഴിലുടമകൾക്കോ പ്രതിവർഷം 5,000 ഡോളർ വരെ നിക്ഷേപിക്കാനും സാധിക്കും.















