
കാഠ്മണ്ഡു: ഓഗസ്റ്റ് 26-ന് രാവിലെ 10 മണി. നേപ്പാളിലെ ത്രിശൂലി 3എ ജലവൈദ്യുത പദ്ധതി പ്രദേശം പെട്ടെന്നുണ്ടായ പ്രളയത്തിലും കല്ലും ചെളിയും നിറഞ്ഞ മണ്ണിടിച്ചിലിലും അമർന്നുപോയി. വലിയ പാറക്കൂട്ടങ്ങൾ ഇവിടുത്തെ ടണലിൻ്റെ കവാടം അടച്ചുകളഞ്ഞു. ഉള്ളിൽ മെക്കാനിക്കൽ ഫോർമാൻ സഞ്ജയ് സാഹും (30), സൂപ്പർവൈസർ കബീർ മഹാർജനും (45) അടക്കം നിരവധി പേർ കുടുങ്ങി. കൂരിരുട്ടും മരണ ഭയവും മാത്രം കൂട്ടായ ആ തുരങ്കത്തിൽ അവരങ്ങനെ മണിക്കൂറുകളും ദിവസങ്ങളും എണ്ണിതീർത്തു. പുറത്ത് അവരുടെ ജീവനുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന കുടുംബങ്ങളും.
തുരങ്കത്തിൻ്റെ ഉള്ളിലേക്ക് കടക്കാൻ വഴികളില്ലാതെ രക്ഷാപ്രവർത്തകർ വലഞ്ഞു. എങ്കിലും നേപ്പാൾ സൈന്യത്തിലെ പ്രത്യേക സംഘവും എൻജിനീയർമാരും പിന്മാറാൻ തയ്യാറായിരുന്നില്ല. അഞ്ചാം നാൾ അവർ ദൗത്യം ശക്തമാക്കി. 30 മീറ്ററോളം ഉയരത്തിൽ കുമിഞ്ഞുകൂടിയ പാറക്കെട്ടുകൾക്കിടയിലൂടെ, അപകടം പിടിച്ച 90 ഡിഗ്രി വളവുള്ള ചെറിയ കേബിൾ ഡക്റ്റ് വഴി അവർ ഉള്ളിലേക്ക് വഴി വെട്ടി. പാറകൾ പൊട്ടിച്ചും, വെള്ളം പമ്പ് ചെയ്തു കളഞ്ഞും, കൂരിരുട്ടിലേക്ക് ഓക്സിജൻ കടത്തിവിട്ടും അവർ മുന്നേറി.

ഒടുവിൽ ഒമ്പതാം ദിവസം, വെള്ളിയാഴ്ച പുലർച്ചെ… തുരങ്കത്തിന് 100 മീറ്റർ ഉള്ളിലെത്തിയ സൈനികർ സർവ്വ ശക്തിയുമെടുത്ത് ഉറക്കെ വിളിച്ചു: “ജ്യേഷ്ഠന്മാരേ, ഞങ്ങൾ രക്ഷാപ്രവർത്തകരാണ്… നിങ്ങളെ രക്ഷിക്കാൻ വന്നതാണ്!” നിമിഷങ്ങൾ നീണ്ട നിശബ്ദതയ്ക്ക് ശേഷം, തകർന്നു വീഴാറായ ആ ഇരുട്ടറയ്ക്കുള്ളിൽ നിന്ന് വളരെ നേർത്തൊരു ശബ്ദം കേട്ടു: “ഉഞ്ചാ, ഉഞ്ചാ…” (അതെ, അതെ… ഞങ്ങൾ കേൾക്കുന്നുണ്ട്!).
ആ ഒറ്റ മറുപടി അവിടെയുണ്ടായിരുന്ന മുഴുവൻ രക്ഷാപ്രവർത്തകരുടെയും കണ്ണുകളെ ഈറനണിയിച്ചു; പ്രതീക്ഷയുടെ വലിയൊരു വെളിച്ചമായി അത് മാറി. തുരങ്കത്തിന് മുകളിലെ ഒന്നര മീറ്റർ മാത്രം വീതിയുള്ള ചെറിയ വിടവിലൂടെ അതിസാഹസികമായി ഇഴഞ്ഞുനീങ്ങിയ സൈനികർ രാവിലെ 9.20-ഓടെ സഞ്ജയിനെയും കബീറിനെയും പുറത്തെത്തിച്ചു.
ഒമ്പത് ദിവസത്തെ കൂരിരുട്ടിനും മരണപ്പോരാട്ടത്തിനും ശേഷം വെളിച്ചത്തിലേക്ക് തിരിച്ചെത്തുമ്പോൾ അവരുടെ കണ്ണുകളിൽ ജീവനോടെ ഇരിക്കുന്നതിൻ്റെ ആശ്വാസമായിരുന്നു. കബീർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്; സഞ്ജയിൻ്റെ ആരോഗ്യം തൃപ്തികരമാണ്.

“ഞങ്ങൾ അഹോരാത്രം പരിശ്രമിച്ചു, തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. നേപ്പാളികൾക്ക് ഇതും സാധിക്കുമെന്ന് ഞങ്ങൾ തെളിയിച്ചു,” രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ലെഫ്റ്റനൻ്റ് കേണൽ ഗംഗാ ബറാൽ വികാരഭരിതനായി പറഞ്ഞു.
ഒരു വശത്ത് പ്രകൃതി ദുരന്തത്തിന്റെ വൻ നാശനഷ്ടങ്ങളും മരണങ്ങളും നേപ്പാളിനെ ഉലയ്ക്കുമ്പോഴും, പാറക്കെട്ടുകൾക്കുള്ളിൽ നിന്ന് പുറത്തുവന്ന ആ രണ്ട് ജീവനുകൾ പ്രതീക്ഷയുടെയും മനുഷ്യശ്രമങ്ങളുടെയും വലിയൊരു അത്ഭുതഗാഥയായി മാറുകയാണ്.
ടണലിനുള്ളിൽ നിന്ന് തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ഏകദേശം 41-ഓളം തൊഴിലാളികൾ ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനുമാനം. പ്രകൃതിദുരന്തത്തിൽ നേപ്പാളിൽ ഇതുവരെ 1,294 പേർ മരണപ്പെടുകയും 5,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
this is how the adventurous rescue operation in Nepal unfolded














