
ബെയ്റൂട്ട്: യമനിൽ സർക്കാർ സേനയും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം കൂടുതൽ രൂക്ഷമായി. തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള കഹ്‌ബൂബ് പർവതനിരകളിലാണ് പ്രധാനമായും ഏറ്റുമുട്ടലുകൾ നടക്കുന്നത്. പർവതമേഖലയിൽ ഹൂതികൾ നടത്തിയ വലിയ നുഴഞ്ഞുകയറ്റവും ആക്രമണവും സൗദി പിന്തുണയുള്ള യമൻ സർക്കാർ സേന പ്രതിരോധിച്ചതായി അറിയിച്ചു. ഈ ഏറ്റുമുട്ടലുകളിൽ ഹൂതികൾക്ക് ആൾനാശവും വൻതോതിൽ ഉപകരണ നഷ്ടവും സംഭവിച്ചതായി യമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദിയുടെ എണ്ണ, വാതക കയറ്റുമതിക്ക് ഹോർമുസ് കടലിടുക്ക് പോലെ അതിനിർണായകമായ ചെങ്കടൽ തീരപ്രദേശങ്ങളിൽ കൂടുതൽ പ്രദേശം പിടിച്ചെടുക്കാനുള്ള ഹൂതികളുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ പോരാട്ടങ്ങൾ നടക്കുന്നത്. ഇതിനിടയിൽ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ മസീറ ടെലിവിഷൻ നെറ്റ്‌വർക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, വ്യാഴാഴ്ച അബ്സ് നഗരത്തിൽ ഉണ്ടായ സൗദി വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ തൈസ് പ്രവിശ്യയിലെ മൂന്ന് ടെലികമ്മ്യൂണിക്കേഷൻ ടവറുകൾക്കും സൗദി വിമാനങ്ങളുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി ചാനൽ അറിയിച്ചു.
അതേസമയം, സമുദ്ര ഗതാഗതത്തെക്കുറിച്ച് ഹൂതികൾ നൽകുന്ന സമാധാന സന്ദേശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് യമൻ വിദേശകാര്യ മന്ത്രി അഫ്രാ അൽ-സൂബ മുന്നറിയിപ്പ് നൽകി. സൗദി കപ്പലുകൾ ഒഴികെയുള്ള ചെങ്കടലിലെ മറ്റ് ടാങ്കർ ഗതാഗതങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഇറാൻ പിന്തുണയുള്ള ഈ ഗ്രൂപ്പ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ആയുധങ്ങൾ ശേഖരിക്കാനും കൂടുതൽ ആക്രമണങ്ങൾക്കായി തയ്യാറെടുക്കാനും ചെങ്കടൽ തീരത്തെ തങ്ങളുടെ നിയന്ത്രണം ഉറപ്പിക്കാനുമുള്ള തന്ത്രമായാണ് ഈ പ്രസ്താവനകളെ കാണേണ്ടതെന്ന് അൽ-സൂബ ചൂണ്ടിക്കാണിച്ചു. ബാബ് അൽ-മന്ദബ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും, ജനങ്ങളുടെ പലായനവും, സിവിലിയൻ സ്വത്തുക്കൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങളും സംബന്ധിച്ച് യമനിലെ യുഎസ് ചാർജ് ഡി അഫയേഴ്സുമായി നടത്തിയ ബുധനാഴ്ചത്തെ ടെലിഫോൺ സംഭാഷണത്തിൽ അവർ ചർച്ച ചെയ്തിരുന്നു.













