
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എൻ. ജനറൽ അസംബ്ലിക്കിടെ ചൊവ്വാഴ്ച ഗൾഫ് രാഷ്ട്രീയ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് നിർണ്ണായക പ്രസ്താവന. അതേസമയം, ആണവ വിഷയത്തിൽ ഇറാനെതിരെ യു.എന്നിൽ പ്രമേയം കൊണ്ടുവരാൻ നീക്കങ്ങൾ സജീവമായതോടെ തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിരോധ നീക്കങ്ങൾ ഇറാനും ശക്തമാക്കിയിട്ടുണ്ട്. ചൈനയുമായി ചർച്ചകൾ പൂർത്തിയാക്കിയ ഇറാൻ വിദേശകാര്യമന്ത്രി, ബീജിംഗിലിരുന്ന് പാകിസ്താൻ സേനാമേധാവിയുമായും തുർക്കി വിദേശകാര്യമന്ത്രിയുമായും ആശയവിനിമയം നടത്തി.
വിശുദ്ധ നഗരമായ മക്കയ്ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചെന്ന ആരോപണത്തിൽ ഹൂത്തികളെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. ഡ്രോൺ തകർത്തു എന്നത് കൊണ്ടുമാത്രം ആരെയും കുറ്റപ്പെടുത്താനാവില്ലെന്നും വിശുദ്ധ നഗരങ്ങളെ രാഷ്ട്രീയവത്കരിക്കുകയോ സംഘർഷങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയോ ചെയ്യരുതെന്നും ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇതിനിടെ, രാജ്യാന്തര നയതന്ത്ര തർക്കത്തിന്റെ ഭാഗമായി സ്വീഡനിലെ ഇറാൻ നയതന്ത്രജ്ഞനെ പുറത്താക്കിയതിന് മറുപടിയായി ഇറാനിലെ സ്വീഡിഷ് നയതന്ത്രജ്ഞനെ ഇറാനും പുറത്താക്കി.
മറ്റൊരു വശത്ത്, ഹോർമൂസ് കടലിടുക്കിന് ബദൽ പാതകൾ തുറക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഫ്രാൻസ്, ഖത്തറുമായും സൗദിയുമായും ചർച്ചകൾ നടത്തി. യാംബുവിന് പകരം ഗൾഫ് മേഖലയിലെ തീരം വഴി തന്നെ കപ്പലുകളിലേക്ക് എണ്ണ കൈമാറ്റം ചെയ്ത് സൗദി വിതരണം തുടർന്നത് ആഗോള എണ്ണവിപണിക്ക് വലിയ ആശ്വാസമായി. ഹൂത്തികളുടെ ആക്രമണങ്ങളെ ചെറുക്കുന്നതിനായി വ്യോമപ്രതിരോധ നിര ശക്തമാക്കാൻ പാകിസ്താൻ, ബ്രിട്ടൻ, ഫ്രാൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പിന്തുണ സൗദി തേടിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും സൗദി അറേബ്യ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Iran War Nearing Its End, Says Donald Trump; Iran Strengthens Diplomatic Ties Amid Tensions













