മൈക്രോസോഫ്റ്റ് ഡാറ്റാ സെന്ററിന് 2.5 മില്യൺ ഡോളർ പിഴ! യുഎസിൽ കടുത്ത തീരുമാനം, മലിനീകരണ തോത് ഉയർത്തിയതിന് നടപടി

വിർജീനിയ: കഴിഞ്ഞ വർഷം അനുവദനീയമായ പരിധയിലും കവിഞ്ഞ് മലിനീകരണ തോത് ഉയർത്തിയതിന് മൈക്രോസോഫ്റ്റ് ഡാറ്റാ സെന്ററിന് ഏകദേശം 2.5 മില്യൺ ഡോളർ പിഴ ചുമത്തി വിർജീനിയ സ്റ്റേറ്റ് ഏജൻസി. ഒരു ഡാറ്റാ സെന്ററിനെതിരെ സംസ്ഥാനത്ത് ഇതുവരെ ചുമത്തപ്പെട്ട ഏറ്റവും വലിയ സിവിൽ പിഴയാണിത്. കഴിഞ്ഞ വർഷം ജൂണിൽ വിർജീനിയയിലെ ലീസ്ബർഗിലുള്ള മൈക്രോസോഫ്റ്റ് സ്ഥാപനത്തിൽ ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ തകരാറിലായതിനെത്തുടർന്ന് ഏഴു ദിവസത്തോളം 62 എമർജൻസി എൻജിനുകൾ പ്രവർത്തിപ്പിക്കേണ്ടി വന്നിരുന്നു എന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ ക്വാളിറ്റിയുടെ ഓൺലൈനിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഈ കാലയളവിൽ കാർബൺ മോണോസൈഡ്, അസ്ഥിര ജൈവ സംയുക്തങ്ങൾ തുടങ്ങിയ വിവിധ മലിനീകരണ വസ്തുക്കളുടെ കാര്യത്തിൽ അനുവദനീയമായ പരിധി സ്ഥാപനം ലംഘിച്ചതായി സംസ്ഥാന അധികൃതർ അറിയിച്ചു. മൈക്രോസോഫ്റ്റുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി, ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന ലൗഡൗൺ കൗണ്ടിയിൽ വായുനിലവാരം നിരീക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന പരിസ്ഥിതി പദ്ധതിയിലേക്ക് 2.4 മില്യൺ ഡോളർ നിക്ഷേപിക്കാൻ ടെക് ഭീമൻ സമ്മതിച്ചിട്ടുണ്ട്. ഡാറ്റാ സെന്ററുകൾ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങൾക്ക് ചുറ്റും നിരവധി വായുനിലവാര സെൻസറുകൾ സ്ഥാപിക്കുന്നതിനായി ഈ തുക ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി വകുപ്പ് അറിയിച്ചു.

തങ്ങൾ പ്രവർത്തിക്കുന്ന സമൂഹങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, പ്രാദേശിക വായുനിലവാരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉൾക്കാഴ്ചകളും നൽകാൻ പ്രവർത്തിക്കുന്ന വിർജീനിയ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ ക്വാളിറ്റിയുടെ വായുനിലവാര നിരീക്ഷണ വിപുലീകരണത്തെ മൈക്രോസോഫ്റ്റ് പിന്തുണയ്ക്കുമെന്ന് സിബിഎസ് ന്യൂസിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. വാഷിംഗ്ടൺ ഡി.സിക്ക് സമീപമുള്ള വടക്കൻ വിർജീനിയയിലെ ലൗഡൗൺ കൗണ്ടി ‘ഡാറ്റാ സെന്റർ അല്ലി’ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ 250-ലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കൗണ്ടി അധികൃതർ പറയുന്നു. സാധ്യമായ പാരിസ്ഥിതികവും ആരോഗ്യപരവുമായ ആഘാതങ്ങളെക്കുറിച്ച് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾ ഉയരുന്നുണ്ട്.

More Stories from this section

family-dental
witywide