
ടെഹ്റാൻ: ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്കും യുദ്ധത്തിനും ശേഷം രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ പ്രകടനത്തിന് സാക്ഷ്യം വഹിച്ച് ഇറാൻ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുതിയൊരു പോരാട്ടത്തിന് തയാറെടുക്കുന്നുവെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെ, ദേശീയ ഐക്യം വിളംബരം ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് ഇറാനികളാണ് രാജ്യവ്യാപകമായി തെരുവിലിറങ്ങിയത്.
അടിയന്തര പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി ‘ജാൻഫദായെ ഇറാൻ’ (ഇറാനായി ജീവൻ തുടിക്കുന്നവർ) എന്ന പേരിൽ താൽക്കാലിക സൈനിക പരിശീലന പരിപാടിക്കും സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. രാജ്യത്തിനായി ആയുധമെടുക്കാൻ തങ്ങൾ സജ്ജരാണെന്ന് റാലിയിൽ പങ്കെടുത്തവർ പ്രഖ്യാപിച്ചു. 6 ലക്ഷത്തിലധികം ആളുകൾ പരിശീലനത്തിനായി ഇതിനോടകം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഭാവിയിൽ ഇത് 10 ലക്ഷം കടക്കുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ജനറൽ ഹസൻ ഹസൻസാദ വ്യക്തമാക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ (IRNA) റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച നടന്ന റാലിയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി ഭരണകൂടം അറിയിച്ചു. അമേരിക്കൻ, ഇസ്രായേലി പതാകകൾ ചവിട്ടിമെതിച്ചും വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമായിരുന്നു പ്രകടനങ്ങൾ. ആക്രമണ റൈഫിളുകൾ ഉപയോഗിച്ചുള്ള പരിശീലനം ഉടൻ ആരംഭിക്കുമെന്നും ജനങ്ങൾ ക്യാമ്പയിനിൽ പങ്കാളികളാകണമെന്നും സംസ്ഥാന മാധ്യമങ്ങളിലൂടെ സർക്കാർ ആവശ്യപ്പെടുന്നുണ്ട്.














