ജീവകാരുണ്യ പ്രവർത്തകർക്കുള്ള ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് 2026 – അപേക്ഷകൾ ക്ഷണിച്ചു, ജേതാവിന് $2,500 ക്യാഷ് അവാർഡും പ്രശംസാഫലകവും

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ലോങ്ങ് ഐലൻഡിലെ ന്യൂഹൈഡ് പാർക്ക് ആസ്ഥാനമായി കഴിഞ്ഞ പതിമൂന്ന് വർഷമായി സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ECHO (Enhance Community through Harmonious Outreach), 2026-ലെ ആറാമത് ഹ്യുമാനിറ്റേറിയൻ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

വ്യക്തിപരമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ECHO ഏർപ്പെടുത്തിയ ഹ്യുമാനിറ്റേറിയൻ അവാർഡിന്റെ ആറാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇന്ത്യൻ വംശജരായ വ്യക്തികൾക്കും ചെറിയ ഗ്രൂപ്പുകൾക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ജേതാവിന് പ്രശംസാഫലകവും 2,500 യുഎസ് ഡോളർ ക്യാഷ് അവാർഡും നൽകും. അവാർഡ് തുക ജേതാവ് താൻ നടത്തുന്ന ഏതെങ്കിലും ജീവകാരുണ്യ പദ്ധതിക്കായി വിനിയോഗിക്കേണ്ടതാണ്.

ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് ജെറിക്കോയിലെ The Cotillion, 440 Jericho Turnpike, Jericho, NY 11753-ൽ നടക്കുന്ന ECHOയുടെ വാർഷിക ഡിന്നർ ഫണ്ട് റൈസർ പരിപാടിയിൽ അവാർഡ് സമ്മാനിക്കും.

അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ

  • വ്യക്തികളോ ചെറിയ ഗ്രൂപ്പുകളോ ആയി സാമൂഹിക നന്മയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നവരായിരിക്കണം.
  • ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം
  • അവാർഡായി ലഭിക്കുന്ന $2,500 തങ്ങൾ നടത്തുന്ന ഏതെങ്കിലും ജീവകാരുണ്യ പദ്ധതിക്കായി വിനിയോഗിക്കാൻ തയ്യാറായിരിക്കണം.
  • 2026 ഒക്ടോബർ 31-ന് ന്യൂയോർക്കിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ നേരിട്ട് പങ്കെടുത്ത് അവാർഡ് സ്വീകരിക്കാൻ തയ്യാറായിരിക്കണം.
  • 18 വയസിന് മുകളിൽ പ്രായമുള്ളവരും അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരുമായിരിക്കണം.
  • മുൻ വർഷങ്ങളിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും അനുബന്ധ തെളിവുകളും സഹിതമുള്ള അപേക്ഷകൾ ഒക്ടോബർ 16 വെള്ളിയാഴ്ച്ച രാത്രി 12 മണിക്ക് (ന്യൂയോർക്ക് സമയം) മുമ്പായി echoforusa@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം.
  • മുൻ വർഷങ്ങളിൽ ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് ലഭിച്ചവർക്ക് വീണ്ടും അപേക്ഷിക്കാനാവില്ല.
  • ECHO നിയോഗിക്കുന്ന അവാർഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ

കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നവരെ ആദരിക്കുന്നതിനായി 2021-ൽ ഏർപ്പെടുത്തിയ പ്രഥമ ECHO ഹ്യുമാനിറ്റേറിയൻ അവാർഡിന് ന്യൂഹൈഡ് പാർക്ക് സ്വദേശിയായ ജോൺ മാത്യു അർഹനായി. സ്വന്തം സമ്പാദ്യത്തിൽ നിന്ന് പണം ചെലവഴിച്ച് കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകിയ പ്രവർത്തനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

2022-ലെ രണ്ടാമത് ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് യോങ്കേഴ്സ്–സ്കാർസ്ഡെയ്ൽ മേഖലയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോർജ് ജോൺ കല്ലൂർ (ബെന്നി) നേടി. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിനും ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചുനൽകുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചായിരുന്നു പുരസ്കാരം.

കാലുകൾ നഷ്ടപ്പെട്ട നാനൂറോളം പേർക്ക് കൃത്രിമക്കാലുകൾ നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിച്ച ലൈഫ് ആൻഡ് ലിംബ്സ് സ്ഥാപകൻ ജോൺസൺ സാമുവേൽ 2023-ലെ മൂന്നാമത് ഹ്യുമാനിറ്റേറിയൻ അവാർഡ് നേടി.

സ്കൂൾ വിദ്യാർഥികളുടെയും യുവാക്കളുടെയും ഉന്നമനത്തിനും കായികരംഗത്തോടുള്ള അവരുടെ താൽപ്പര്യം വർധിപ്പിക്കുന്നതിനുമായി പ്രവർത്തിച്ചുവരുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിന് 2024-ലെ നാലാമത് ഹ്യുമാനിറ്റേറിയൻ അവാർഡ് ലഭിച്ചു.

സാമൂഹിക പ്രവർത്തന, സംരംഭക മേഖലകളിൽ സജീവ നേതൃത്വം വഹിക്കുകയും ജാതി-മത ഭേദമെന്യേ ആയിരങ്ങൾക്ക് അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന അഞ്ചപ്പം എന്ന സംഘടനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഡോ. ബേബി സാം സാമുവേലിനാണ് അഞ്ചാമത് ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് ലഭിച്ചത്.

നേപ്പാൾ ദുരിതബാധിതർക്കായി ഫണ്ട് റൈസർ

വ്യക്തിഗത സംഭാവനകൾ സ്വീകരിച്ച് സുതാര്യമായ രീതിയിൽ പ്രവർത്തിക്കുന്ന ECHOയുടെ സേവനപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ നിരവധി സന്മനസ്സുകൾ മുന്നോട്ടുവരുന്നതായി ഭാരവാഹികൾ അറിയിച്ചു. നിരവധി വ്യക്തികളുടെ ചെറിയ സംഭാവനകളാണ് കൂടുതൽ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്താൻ സംഘടനയ്ക്ക് കരുത്തേകുന്നത്.

ഈ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായാണ് ECHO വർഷംതോറും വാർഷിക ഡിന്നർ ഫണ്ട് റൈസർ സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ ഫണ്ട് റൈസിംഗ് നേപ്പാളിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനായാണ് നടത്തുന്നത്.

ഒക്ടോബർ 31 ശനിയാഴ്ച കൊട്ടിലിയൻ റസ്റ്റോറന്റിൽ നടക്കുന്ന വാർഷിക ഡിന്നർ പരിപാടിയിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനുമായ ഫാദർ ഡേവിസ് ചിറമേൽ മുഖ്യാതിഥിയായി പങ്കെടുക്കും.

അവാർഡിനെക്കുറിച്ചും ECHOയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് 516-902-4300 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വെബ്സൈറ്റ്: www.echoforhelp.org

അപേക്ഷകൾ അയക്കേണ്ട ഈമെയിൽ: echoforusa@gmail.com

More Stories from this section

family-dental
witywide