
വാഷിംഗ്ടൺ: ലോകത്തെ വിവിധ ഭാഗങ്ങളിലായി നിലനിന്നിരുന്ന ഒൻപതോളം യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും, റഷ്യ-യുക്രെയ്ൻ യുദ്ധം പത്താമത്തേതായി പരിഹരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തൻ്റെ മുൻകാല നേട്ടങ്ങൾ എടുത്തുപറഞ്ഞത്. താൻ അധികാരമേറ്റ ശേഷം ഇതുവരെ എട്ടോ ഒൻപതോ വലിയ യുദ്ധങ്ങൾ ഒത്തുതീർപ്പാക്കിയെന്നും റഷ്യ-യുക്രെയ്ൻ പോരാട്ടം പത്താമത്തെ വിജയമായി മാറ്റാനാണ് തൻ്റെ ശ്രമമെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നാശനഷ്ടങ്ങൾ സംഭവിക്കുന്ന ഈ യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളിലെയും പ്രസിഡൻ്റുമാരുമായി നേരിട്ട് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ, ഇസ്രായേൽ-ഹമാസ് പോരാട്ടം, ഇസ്രായേൽ-ഇറാൻ തർക്കം എന്നിവ പരിഹരിച്ചതിനൊപ്പം ഇന്ത്യ-പാകിസ്ഥാൻ കശ്മീർ പ്രശ്നത്തിലും താൻ നിർണ്ണായക ഇടപെടൽ നടത്തിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാലിത് ഇന്ത്യ ആവർത്തിച്ച് നിരസിക്കുന്നുണ്ട്. കൂടാതെ, അർമേനിയ-അസർബൈജാൻ, കോംഗോ-റുവാണ്ട, സെർബിയ-കൊസോവോ, കംബോഡിയ-തായ്‌ലൻഡ്, ഈജിപ്ത്-എത്യോപ്യ എന്നീ രാജ്യങ്ങൾ തമ്മിലുണ്ടായിരുന്ന തർക്കങ്ങളും തന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കിയെന്നാണ് ട്രംപിൻ്റെ വാദം.
അതേസമയം, മെയ് 9 മുതൽ 11 വരെ റഷ്യയും യുക്രെയ്നും തമ്മിൽ താൽക്കാലികമായി യുദ്ധം നിർത്തിവെക്കാൻ ധാരണയായതായി ട്രംപ് അറിയിച്ചിരുന്നു. ‘വിക്ടറി ഡേ’ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഈ തീരുമാനം. വെടിനിർത്തലിൻ്റെ ഭാഗമായി ഇരുരാജ്യങ്ങളും 1,000 തടവുകാരെ വീതം പരസ്പരം കൈമാറും. ഇത് താൻ നേരിട്ട് ആവശ്യപ്പെട്ടതാണെന്നും ട്രംപ് വ്യക്തമാക്കി. പുട്ടിനോടും സെലെൻസ്‌കിയോടും താൻ വ്യക്തിപരമായി സംസാരിച്ചുവെന്നും വെടിനിർത്തലിന് ഇരുപക്ഷവും ഉടൻ സമ്മതം അറിയിച്ചുവെന്നും പ്രസിഡൻ്റ് പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ, ഈ വെടിനിർത്തൽ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിൻ്റെ തുടക്കമാകുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
“I have ended nine wars, the tenth will be the Russia-Ukraine war” , said Trump















