കൺസൾട്ടിംഗ് വിഭാഗത്തിൽ വിസ സ്പോൺസർഷിപ്പ് നിർത്തലാക്കി ഐബിഎം; ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ കുടിയേറ്റ നയങ്ങൾക്ക് പിന്നാലെ നിർണ്ണായക നീക്കം

ന്യൂയോർക്ക്: പ്രമുഖ ടെക് കമ്പനിയായ ഇന്‍റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ, തങ്ങളുടെ ഏറ്റവും വലിയ വിഭാഗമായ ‘ഐ.ബി.എം കൺസൾട്ടിംഗിലെ’ ചില തസ്തികകളിലേക്കുള്ള ഇമിഗ്രേഷൻ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. യുഎസ് ഭരണകൂടം എച്ച്-1ബി അടക്കമുള്ള വിസ പ്രോഗ്രാമുകൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ സുപ്രധാന തീരുമാനം.

ഐബിഎം കൺസൾട്ടിംഗിലെ ഭൂരിഭാഗം റോളുകൾക്കുമുള്ള വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പുകൾ നിർത്തലാക്കാൻ തീരുമാനിച്ചതായി കമ്പനി വക്താവ് സ്ഥിരീകരിച്ചു. നൈപുണ്യക്കുറവ് പരിഹരിക്കുന്നതിനായാണ് കമ്പനി ഈ വിഭാഗത്തിൽ യു.എസിന്റെ ഉയർന്ന നൈപുണ്യ വിസ പ്രോഗ്രാമുകൾ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്തരം പ്രോഗ്രാമുകളിലെ പങ്കാളിത്തം കുറഞ്ഞുവരികയാണെന്നും, പുതിയ സാങ്കേതിക വിദ്യകളുടെയും കക്ഷികളുടെയും ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

റെഡ് ഹാറ്റ്, ഹാഷി കോർപ്പ്, കോൺഫ്ലുവന്റ് തുടങ്ങിയ കമ്പനികളെ ഏറ്റെടുത്തുകൊണ്ട് ഉയർന്ന വളർച്ചയുള്ള ഒരു സോഫ്റ്റ്‌വെയർ കമ്പനിയായി മാറാനുള്ള ശ്രമത്തിലാണ് ഐ.ബി.എം ഇപ്പോൾ. അതേസമയം, കമ്പനിയുടെ കൺസൾട്ടിംഗ് ബിസിനസ്സിന്റെ വളർച്ച കഴിഞ്ഞ കുറച്ചു കാലമായി മന്ദഗതിയിലാണ്.

ബാധിക്കപ്പെടുന്ന ജീവനക്കാർക്ക് എന്ത് സംഭവിക്കും?

ഐബിഎമ്മിന്റെ ഈ പുതിയ തീരുമാനത്താൽ ബാധിക്കപ്പെടുന്ന ജീവനക്കാർക്ക് അമേരിക്കയ്ക്ക് പുറത്തുള്ള മറ്റ് ഓഫീസുകളിൽ ജോലി തുടരാം. അല്ലെങ്കിൽ ഈ വർഷാവസാനത്തോടെ കമ്പനി വിടാമെന്നും ആന്തരിക രേഖകൾ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഐ.ബി.എമ്മിന്റെ ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, കൺസൾട്ടിംഗ് വിഭാഗമാണ് കമ്പനിയിലെ ഏറ്റവും വലിയ ഡിവിഷൻ. ഇതിൽ 150,000-ത്തിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

എച്ച്-1ബി വിസകൾക്കെതിരെ കർശന നടപടിയുമായി ട്രംപ് ഭരണകൂടം

സാങ്കേതിക രംഗത്ത് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് വർഷങ്ങളായി അമേരിക്കയിൽ ചർച്ചാവിഷയമാണ്. ട്രംപ് വീണ്ടും അധികാരത്തിൽ വന്നതുമുതൽ, ടെക് ഭീമന്മാർ അമേരിക്കൻ പൗരന്മാരെ ജോലിക്കെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ട്. വിദേശ പ്രതിഭകളെ ആകർഷിക്കാൻ കമ്പനികൾ ഉപയോഗിക്കുന്ന എച്ച്-1ബി വിസകളുടെ ഉപയോഗം കൂടുതൽ ദുഷ്കരമാക്കുന്ന നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഭൂരിഭാഗം വിസ അപേക്ഷകൾക്കും 100,000 ഡോളർ ഫീസ് ഏർപ്പെടുത്തുന്നതും, ഉയർന്ന ശമ്പളം നൽകുന്ന കമ്പനികൾക്ക് മുൻഗണന നൽകുന്ന രീതിയിൽ വിസ ലോടറി സമ്പ്രദായം മാറ്റുന്നതും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide