
പാരീസ്: മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങൾക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടെങ്കിൽ ഇറാനു മാത്രം അത് നിഷേധിക്കുന്നത് അനീതിയാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മേഖലയിലെ പുതിയ സമാധാന ചട്ടക്കൂട് അനുസരിച്ച്, അയൽരാജ്യങ്ങളുടെ ശേഷിക്ക് ആനുപാതികമായി ടെഹ്റാനും മിസൈലുകൾ നിലനിർത്താമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പാരീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മറ്റ് രാജ്യങ്ങൾക്ക് മിസൈലുകൾ ഉണ്ടെങ്കിൽ, ഇറാനു മാത്രം അതില്ലാതിരിക്കുന്നത് ശരിയല്ല,” ട്രംപ് പറഞ്ഞു. സൗദി അറേബ്യ, ഖത്തർ തുടങ്ങിയ പ്രാദേശിക ശക്തികളെ പരാമർശിച്ചുകൊണ്ട്, ഇറാനെ “ആപേക്ഷിക അനുപാതത്തിൽ” മിസൈലുകൾ കൈവശം വയ്ക്കാൻ അനുവദിക്കുന്നത് സ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് മാസത്തോളം നീണ്ടുനിന്ന സംഘർഷം അവസാനിപ്പിക്കാൻ ഇറാനുമായി കരാറിലെത്തിയിട്ടും, ഗൾഫ് മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം പെട്ടെന്ന് പിൻവലിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഗൾഫിൽ യുഎസ് സൈന്യം “കുറച്ചുകാലത്തേക്ക് കൂടി” തുടരും. സമാധാന കരാർ നടപ്പിലാക്കുമ്പോൾ മേഖലയിലെ സുരക്ഷാ മേൽനോട്ടത്തിൽ വാഷിംഗ്ടണിന് കൃത്യമായ പങ്കുണ്ടാകുമെന്ന സൂചനയാണ് യുഎസ് പ്രസിഡൻ്റ് നൽകുന്നത്.
അതേസമയം, ഇറാൻ്റെ മിസൈൽ വ്യവസായത്തെ പൂർണ്ണമായും തകർക്കുമെന്നും അവരുടെ ബാലിസ്റ്റിക് മിസൈൽ ശേഷി ഇല്ലാതാക്കുമെന്നും ട്രംപ് നേരത്തെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ബരാക് ഒബാമയുടെ കാലത്തുണ്ടാക്കിയ ആണവ കരാർ ഇറാൻ്റെ മിസൈൽ നിർമ്മാണത്തെ തടയുന്നില്ലെന്ന് കാണിച്ച് ട്രംപ് അതിൽ നിന്ന് പിന്മാറുകയും, ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല, ഇറാൻ്റെ ആണവ-സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഇറാൻ്റെ മിസൈൽ ശേഷി തകർക്കുക എന്നതായിരുന്നു.
“If other countries have them, Iran can also have ballistic missiles, it is unfair to deny it”: Trump with new stance













