
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്സ് ഡിന്നറിനിടെ വെടിവെപ്പ് നടത്തിയ പ്രതിയുടെ കുറിപ്പ് (മാനിഫെസ്റ്റോ) അഭിമുഖത്തിനിടെ വായിച്ചുകേൾപ്പിച്ച മാധ്യമപ്രവർത്തകയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡോണൾഡ് ട്രംപ്. സിബിഎസ് ന്യൂസിൻ്റെ ‘60 മിനിറ്റ്‌സ്’ പരിപാടിക്കിടെ റിപ്പോർട്ടർ നോറ ഒഡോണലിനോടാണ് ട്രംപ് കയർത്തത്. തന്നെ അപകീർത്തിപ്പെടുത്തുന്ന ഭാഗങ്ങൾ വായിച്ച റിപ്പോർട്ടർ മാധ്യമരംഗത്തിന് തന്നെ ‘അപമാനമാണെന്ന്’ ട്രംപ് പറഞ്ഞു.
വാരാന്ത്യത്തിൽ വാഷിംഗ്ടണിൽ നടന്ന ചടങ്ങിനിടെ വെടിവെപ്പ് നടത്തിയ കോൾ തോമസ് അല്ലൻ എന്നയാളുടെ കുറിപ്പാണ് നോറ ഒഡോണൽ വായിച്ചത്. വിവാദമായ എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെടുത്തിയാണ് പ്രതി ട്രംപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. “ഒരു ബാലപീഡകൻ്റെയും ബലാത്സംഗക്കാരൻ്റെയും രാജ്യദ്രോഹിയുടെയും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ എനിക്ക് താല്പര്യമില്ല” എന്ന പ്രതിയുടെ വരികൾ റിപ്പോർട്ടർ ഉദ്ധരിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
താൻ ബലാത്സംഗക്കാരനോ ബാലപീഡകനോ അല്ലെന്നും ഇത്തരം കാര്യങ്ങളിൽ താൻ പൂർണ്ണമായും നിരപരാധിയാണെന്നും ട്രംപ് വ്യക്തമാക്കി. “നിങ്ങൾ മോശം മനുഷ്യരാണ്. ഇത്തരമൊരു ഭ്രാന്തൻ എഴുതിയ വരികൾ വായിക്കാൻ നിങ്ങൾക്ക് നാണമില്ലേ? എപ്‌സ്റ്റീൻ കേസുമായി ബന്ധമുള്ളവർ മറുഭാഗത്തുള്ള (ഡെമോക്രാറ്റുകൾ) നിങ്ങളുടെ സുഹൃത്തുക്കളാണ്” – ട്രംപ് പറഞ്ഞു.
താൻ പ്രതിയുടെ വാക്കുകൾ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോർട്ടർ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ട്രംപ് വഴങ്ങിയില്ല. തന്നെ മനഃപൂർവം അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം വരികൾ തിരഞ്ഞെടുത്തതെന്നും മാധ്യമങ്ങൾ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
.@POTUS SLAMS @60Minutes: "You should be ashamed of yourself, reading that — because I'm not any of those things." pic.twitter.com/QWxqoUFUaF
— Rapid Response 47 (@RapidResponse47) April 26, 2026
‘I’m not a rapist’: Trump lashes out at reporter who asked about White House attacker’s note













